SignIn
Kerala Kaumudi Online
Monday, 14 September 2026 8.44 AM IST

വിമാനം തടാകത്തിൽ ഇറക്കി, നീന്തി രക്ഷപ്പെട്ട് യു.എസ് ജനപ്രതിനിധി

d

വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് തടാകത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ നിന്ന് നീന്തി രക്ഷപെട്ട് യു.എസ് കോൺഗ്രസ് അംഗം. വിസ്‌കോൺസിനിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ ടോം ടിഫാനി സഞ്ചരിച്ച ചെറുവിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴെ രക്ഷപ്പെട്ടത്.

ശനിയാഴ്ച രാത്രി വിസ്കോൺസിനിലെ മാരത്തൺ കൗണ്ടിയിലായിരുന്നു സംഭവം. ടോമും പൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക പ്രശ്നം മനസിലാക്കിയ പൈലറ്റ് ഉടൻ വാസോ തടാകത്തിലേക്ക് എമർജൻസി ലാൻഡിംഗ് നടത്തി. ലാൻഡ് ചെയ്ത ഉടൻ എമർജൻസി കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു.

ഇതിനിടെ വിമാനം മുങ്ങിത്തുടങ്ങിയതോടെ ടോമും പൈലറ്റും പുറത്തേക്ക് ചാടി നീന്തി. ആഴം കുറഞ്ഞ ഭാഗത്തേക്കെത്തിയ ഇരുവരെയും രക്ഷാപ്രവർത്തകർ ബോട്ടിലെത്തി രക്ഷിച്ചു. ഇരുവർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. നവംബറിൽ നടക്കുന്ന വിസ്‌കോൺസിൻ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി കൂടിയാണ് ടോം.

ടോം ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വാസോ ഡൗൺടൗൺ എയർപോർട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ സാങ്കേതിക തകരാറിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360