SignIn
Kerala Kaumudi Online
Sunday, 13 September 2026 10.51 PM IST

മുടിക്കും മേക്കപ്പിനും മാത്രം ചിലവഴിച്ചത് കോടികൾ,​ നെതന്യാഹുവിനും ഭാര്യയ്ക്കുമായി 90 ശതമാനം; കണക്കുകൾ പുറത്ത്

netanyahu
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭാര്യ സാറ

ജറുസലേം: പ്രധാനമന്ത്രിമാരുടെ ഹെയർ സ്റ്റൈലിംഗ്, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധി ചെലവുകൾക്കായി ഇസ്രായേൽ സർക്കാർ 4.49 കോടി രൂപയോളം ചെലവഴിച്ചതായി റിപ്പോർട്ട്. 2019 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 4.7 ലക്ഷം ഡോളറാണ് (ഏകദേശം 4.49 കോടി രൂപ) ഇതിനായി ചെലവഴിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മുടി, മേക്കപ്പ് എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ 90 ശതമാനത്തോളം പ്രധാനമന്ത്രി നെതന്യാഹുവിനും ഭാര്യ സാറ നെതന്യാഹുവിനുമായാണ് ചെലവഴിച്ചിരിക്കുന്നത്. നെതന്യാഹു പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് കണക്കുകളിൽ ഭൂരിഭാഗവും. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയെ തുടർന്നാണ് കണക്കുകൾ പുറത്തുവന്നത്.

2022ൽ നഫ്താലി ബെന്നറ്റും യായർ ലാപിഡും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് മേക്കപ്പ് ഇനങ്ങളിൽ ഏകദേശം 84,000 ഷെക്കൽ (26.34 ലക്ഷം രൂപ) ചെലവഴിച്ചു. 2023ൽ ബെഞ്ചമിൻ നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയായതോടെ ഇത് ഏകദേശം 3.11 ലക്ഷം ഷെക്കലായി (97.52 ലക്ഷം രൂപ) ഉയർന്നു. ആ വർഷത്തെ ആകെ ചെലവ് 1.03 ലക്ഷം ഡോളറായിരുന്നു (98.38 ലക്ഷം രൂപ).

2025ലാണ് ഏറ്റവും ഉയർന്ന വാർഷിക ചെലവ് രേഖപ്പെടുത്തിയത്. ഏകദേശം 1.11 ലക്ഷം ഡോളർ (1.06 കോടി രൂപ) അന്ന് മുടി, മേക്കപ്പ് ഇനങ്ങളിൽ ചെലവഴിച്ചു. 2023 ഒക്ടോബറിൽ ഇസ്രായേലിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെയുള്ള കാലയളവിലെ ചെലവുകളും രേഖകളിലുണ്ട്. സെപ്തംബർ മുതൽ നവംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ നെതന്യാഹുവിന്റെ മുടി മിനുക്കുന്നതിനായി 2,600 ഡോളറും (2.48 ലക്ഷം രൂപ) മേക്കപ്പിനായി 1,580 ഡോളറും (1.51 ലക്ഷം രൂപ) ചെലവഴിച്ചു. 2023 ഒക്ടോബറിൽ മാത്രം നെതന്യാഹുവിന്റെ ഹെയർ സ്റ്റൈലിംഗിനായി 2,457 ഷെക്കൽ (77,076 രൂപ) ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശയാത്രകളും ചെലവ് വർദ്ധിക്കാൻ കാരണമായി. 2025 ഫെബ്രുവരിയിൽ നാല് ദിവസത്തെ വാഷിംഗ്ടൺ സന്ദർശനത്തിനിടെയാണ് ഒറ്റത്തവണയായി ഏറ്റവും ഉയർന്ന തുക ചെലവഴിച്ചത്. ഏകദേശം 13,500 ഡോളർ (12.9 ലക്ഷം രൂപ) മുടിക്കും മേക്കപ്പിനുമായി ചെലവഴിച്ചതായി റോയ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2024 ജൂലായിലെ വാഷിംഗ്ടൺ സന്ദർശനത്തിലും ഏകദേശം 11,500 ഡോളർ (10.99 ലക്ഷം രൂപ) ഇതിനായി ചെലവഴിച്ചു. ഔദ്യോഗിക വസ്ത്രങ്ങൾ, അതിഥി സൽക്കാരം തുടങ്ങിയവ ഉൾപ്പെടുന്ന പ്രതിനിധി ചെലവുകളും രേഖകളിൽ പ്രത്യേകം കാണിച്ചിട്ടുണ്ട്.

ഏകദേശം 1.34 ലക്ഷം ഡോളറാണ് നെതന്യാഹുവിന്റെ പ്രതിനിധി ചെലവ് (1.28 കോടി രൂപ). ബെന്നറ്റിനായി ഏകദേശം 19,000 ഡോളറും (18.15 ലക്ഷം രൂപ), ലാപിഡിനായി 2,600 ഡോളറും (2.48 ലക്ഷം രൂപ) ചെലവഴിച്ചു. അതേസമയം, പുറത്തുവിട്ട രേഖകളിലെ ചില വിവരങ്ങൾ അധികൃതർ മറച്ചുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഹെയർ സ്റ്റൈലിസ്റ്റുകളുടെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരുകൾ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്തുവിടാതിരുന്നത്.

പൊതുപണത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ കോടതി ഹർജികൾ നൽകേണ്ടിവരുന്ന സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ച് സൃഷ്ടിക്കുകയാണെന്നാണ് വിവരാവകാശ പ്രസ്ഥാനത്തിന്റെ വിമർശനം. പൊതുപണം വ്യക്തിപരമായ പണമെന്ന നിലയിൽ ഉപയോഗിക്കാനാകില്ലെന്നും ജനപ്രതിനിധികളും പൊതുപ്രവർത്തകരും പണത്തിന്റെ വിനിയോഗത്തിൽ ഉത്തരവാദിത്വവും സുതാര്യതയും പുലർത്തണമെന്നും വിമർശനങ്ങൾ ഉയർന്നു.

English Summary

Israel's Prime Minister's Office revealed expenses of approximately $470,000 for prime ministers' hair styling, makeup, and official delegation costs between January 2019 and August 2026. A significant 90% of hair and makeup expenditures were attributed to Benjamin Netanyahu and his wife Sara, largely during his tenures, leading to criticism regarding the use of public funds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENJAMIN NETANYAHU, SARA, WORLDNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360