ടെൽ അവീവ് : ഇസ്രയേലിൽ വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങൾക്ക് സ്വന്തം പാളയത്തിൽ നിന്നു തന്നെ തിരിച്ചടി. നെതന്യാഹുവിന്റെ ലിക്വഡ് പാർട്ടിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം പാർട്ടി പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിന്റെ പേര് നിർദ്ദേശിച്ചില്ല. പാർട്ടി പ്രതിനിധികളുമായുള്ള പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പദത്തിലേക്ക് അവർ ആരെയും പിന്തുണച്ചില്ല. ഇവർക്ക് ഏഴു സീറ്റുകളാണുള്ളത്. ഇതോടെ നെതന്യാഹുവിന്റെ പിന്തുണ
53ൽ നിന്ന് 46 ആയി കുറയുകയും ചെയ്തു.
അതേസമയം അറബ് പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന് പിന്തുണ അറിയിച്ചു, ഹമാസിന്റെ സമ്പൂർണ നിരായുധീകരണത്തെ തന്റെ പാർട്ടി പിന്തുണയ്ക്കുന്നതായി അറബ് പാർട്ടിയായ റാം നേതാവ് മൻസൂർ അബ്ബാസ് പ്രസിഡനന്റുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. മറ്റൊരു അറബ് പാർട്ടിയായ ജോയിന്റ് ലിസ്റ്റും ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നെതന്യാഹുവിനെ മറികടന്ന് ഐസൻകോട്ടിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ് ഈ നീക്കങ്ങൾ.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ . നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നെതന്യാഹു സഖ്യത്തിന് 53 സീറ്റും ഐസൻകോട്ട് സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. ഇതോടെ 19 സീറ്റുകളുള്ള അറബ് പാർട്ടികൾ നിർണായക ശക്തിയായി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഇന്നലെയും ഇന്നുമായി വിവിധ പാർട്ടി നേതാക്കളുമായി പ്രസിഡന്റ് ഹെർസോഗ് കൂടിക്കാഴ്ച നടത്തിവരികയാണ്. പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ക്ഷണിക്കേണ്ടതെന്ന് ഹെർസോഗ് തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |