SignIn
Kerala Kaumudi Online
Friday, 06 November 2026 1.28 AM IST

ട്രംപിനെതിരെ പാളയത്തിലും പട  പരാജയ കാരണം ഇറാൻ യുദ്ധമെന്ന് വാൻസ്

k

വാഷിംഗ്ടൺ: യു.എസ് മിഡ് ടേം തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൈയൊഴിഞ്ഞ് സ്വന്തം പാളയത്തിലെ നേതാക്കൾ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെനറ്റർ ടെഡ് ക്രൂസ്, ബിൽ മില്ലർ, ഗ്രെഗ് പെപ്പിൻ തുടങ്ങിയവരാണ് രംഗത്തുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭാവി നേതൃത്വത്തെച്ചൊല്ലിയും തർക്കം രൂക്ഷമായി. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച നിരവധി സ്ഥാനാർത്ഥികളാണ് പരാജയപ്പെട്ടത്.

ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ റിപ്പബ്ലിക്കൻ സ്വാധീനമേഖലകൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഇതോടെ, 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നേതാക്കൾ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നത്. പാർട്ടിയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഒപ്പം 'റോക്ക്ബ്രജ് നെറ്റ്‌വർക്ക് " പോലുള്ള കൺസർവേറ്റീവ് സംഘടനകളും സജീവമാകുന്നുണ്ട്. ബിസിനസുകാരെയും സാധാരണക്കാരെയും ഒരുമിച്ചുനിറുത്തി ട്രംപിനെതാരായ സമാന്തര തന്ത്രങ്ങളാണ് ഈ ഗ്രൂപ്പുകൾ പ്ലാൻ ചെയ്യുന്നത്.

പരാജയ കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രയേലിനോടുള്ള അമിത സ്നേഹവുമാണെന്ന് വാൻസ് തുറന്നടിച്ചു. 2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ അദ്ദേഹത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടെന്നും പറഞ്ഞു. വാൻസിന്റെ വിലയിരുത്തൽ ശരിവച്ച ട്രംപ് സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്ന് പ്രതികരിച്ചു.

അതിനിടെ, പരാജയത്തിന്റെ ഉത്തരവാദിത്വം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കവും പാ‌ർട്ടി ആരംഭിച്ചിട്ടുണ്ട്. പെന്റഗൺ മേധാവിയെ നീക്കം ചെയ്യുന്നതിനുള്ള വോട്ടെടുപ്പ് അടുത്തയാഴ്ച വൈറ്റ് ഹൗസിൽ നടന്നേക്കും.

പ്രസിഡന്റ് സ്ഥാനാ‌‌ർത്ഥിത്വം

വാൻസിന്റെ ലക്ഷ്യം

പരാജയ കാരണം ട്രംപിന്റെ ഇറാൻ യുദ്ധമാണെന്ന ജെ.ഡി. വാൻസിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 2028ലെ പ്രസിഡന്റ് സ്ഥാനാ‌‌ർത്ഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമാണ് വാൻസിന്റെ നീക്കമെന്ന് വിലയിരുത്തുന്നു. യുദ്ധത്തോടുള്ള വാൻസിന്റെ വിയോജിപ്പ് നേരത്തേയും ചർച്ചയായിരുന്നു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെഡ് ക്രൂസ് എന്നിവരും റിപ്പബ്ലിക്കൻ നേതൃത്വത്തിനായുള്ള മത്സരത്തിൽ സാദ്ധ്യത കല്പിക്കപ്പെടുന്നവരാണ്.

വാർസിനെ

വിമർശിച്ച് മംദാനി

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടാൻ കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന പ്രസ്താവനയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെയാണ് വിമർശിച്ചത്. വാൻസിന്റെ പരാമർശം വിരോധാഭാസമാണെന്ന് മംദാനി പറഞ്ഞു. മറ്റേതോ ഭരണകൂടത്തിന് മേൽ യുദ്ധത്തിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കുന്നത് പോലെയാണ് വാൻസിന്റെ പ്രതികരണമെന്നും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം യുദ്ധമാണെങ്കിൽ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. വാൻസ് അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമാണ്. അല്ലാതെ പുറത്തുനിന്ന് കമന്റ് പറയാൻ കഴിയുന്ന ഒരാളല്ല. മറ്റേതോ ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണ് വാൻസിന്റെ പ്രതികരണം എനിക്ക് അനുഭവപ്പെട്ടത്. യുദ്ധം തുടങ്ങിയത് അവരാണ്. അത് അവസാനിപ്പിക്കാൻ കഴിയുന്നതും അവർക്കാണ്. അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുകൂടേ- മംദാനി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360