SignIn
Kerala Kaumudi Online
Friday, 06 November 2026 12.44 AM IST

ട്രംപിന്റെ വീഴ്‌ച വിപണിക്ക് നേട്ടം, ഇന്ത്യയിലടക്കം മുന്നേറ്റം, ക്രൂഡ് വില 9% ഇടിഞ്ഞു

READ ENGLISH VERSION

donald-trump-

കൊച്ചി: ഇടക്കാല തിരഞ്ഞെടുപ്പിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടി ആഘോഷമാക്കി ലോകവിപണി. ഇന്ത്യയിലടക്കം ആവേശ മുന്നേറ്റമാണുണ്ടായത്. ക്രൂഡ് ഓയിൽ വിലയും ഇടിഞ്ഞു. ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കി.

ട്രംപിന്റ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും മേധാവിത്വം നേടിയിട്ടുണ്ട്. ട്രംപിന്റെ ഏകപക്ഷീയ നയങ്ങൾക്ക് ഇനി പാർലമെന്റ് കടിഞ്ഞാണിടും. ഇറാൻ യുദ്ധത്തിന് നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇതാണ് നിക്ഷേപകർക്ക് ആവേശമായത്.

ഇന്ത്യൻ വിപണിയിൽ ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണുണ്ടായത്. സെൻസെക്സ് 2,008.61 പോയിന്റ് ഉയർന്ന് 79,310.01ലും നിഫ്റ്റി 576 പോയിന്റ് നേട്ടത്തോടെ 24,536.60ലും ക്ലോസ് ചെയ്തു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ ഇന്നലെ മാത്രം 8.2 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.

ദീർഘ ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി. എണ്ണവില കുറയുന്നതോടെ ഇന്ത്യയുടെ ഇറക്കുമതിച്ചെലവും പണപ്പെരുപ്പ സമ്മർദ്ദവും ലഘൂകരിക്കപ്പെടുമെന്നും വിലയിരുത്തുന്നു.

അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ് 3.03 ശതമാനവും എസ് ആൻഡ് പി- 500 1.58 ശതമാനവും നാസ്‌ദാക് 1.44 ശതമാനവും ഇന്നലെ ഉയർന്നു. യൂറോപ്പിലെ സ്റ്റോക്സ് 600 സൂചിക 1.82 ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങും ഓസ്ട്രേലിയയും മുന്നേറി. എ.ഐ മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന ആശങ്കയിൽ ദക്ഷിണ കൊറിയൻ കോസ്‌പി സൂചിക 6% താഴ്ന്നു.

സ്വർണ വില ഉയർന്നു

1. നിക്ഷേപകർ സ്വർണത്തിലേക്ക് ഇന്നലെ പണമൊഴുക്കി. ട്രംപിന്റെ വീഴ്ച സാമ്പത്തികാനിശ്ചിതത്വം ശക്തമാക്കുമെന്ന ആശങ്കയാണ് കാരണം

2. ആഗോള വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് (31.10 ഗ്രാം) ഇന്നലെ 60 ഡോളർ ഉയർന്ന് 4,119 ഡോളറിലെത്തി

3. കേരളത്തിൽ പവൻ വില 2,360 രൂപ ഉയർന്ന് 1,07,080 രൂപയിലെത്തി. ഗ്രാമിന് 295 രൂപ വർദ്ധിച്ച് 13,385 രൂപയായി

ക്രൂഡ് വില 94.62 ഡോളർ

വിലയിടിഞ്ഞത് 9 %. കഴിഞ്ഞയാഴ്ച 118 ഡോളറിലെത്തിയിരുന്നു

രൂപയുടെ മൂല്യം കൂടി

ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ വർദ്ധിച്ച് 94.47ലെത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360