
വാഷിംഗ്ടൺ: അമേരിക്കൻ മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം തുടരുന്നു. ജനപ്രതിനിധി സഭയിൽ ഗവർണർ സ്ഥാനമടക്കം 38 മത്സരങ്ങളുടെ ഫലമാണ് വരാനുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റും കടന്ന് 247ൽ ഇപ്പോൾ തന്നെ ഡെമോക്രാറ്റുകൾ എത്തിക്കഴിഞ്ഞു. സെനറ്റിൽ ഫലം വരാനുള്ള അലാസ്‌കയിലും മിസിസിപ്പിയിലും കടുത്ത മത്സരമാണ് ഇരു പാർട്ടികളും നടത്തുന്നത്.
അതേസമയം, ട്രംപിനെതിരായ നീക്കം ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിക്കഴിഞ്ഞു. ട്രംപിന്റെയും കുടുംബത്തിന്റെയും ബിസിനസ് ഇടപാടുകൾ അന്വേഷിക്കാനാണ് നീക്കം. സുപ്രധാന രേഖകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റംഗങ്ങൾ കത്ത് നൽകി. കുത്തഴിഞ്ഞ ഭരണം നേരെയാക്കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കറാകാൻ സാദ്ധ്യത കല്പിക്കപ്പെടുന്ന സെനറ്റർ ഹക്കീം ജെഫ്രീസ് വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ അനുമതി ആവശ്യമില്ലാത്ത കോൺഗ്രഷണൽ അന്വേഷണങ്ങൾ ട്രംപിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.എന്നാൽ ഉദ്യോഗസ്ഥരിൽ നിന്ന് എത്രത്തോളം സഹകരണമുണ്ടാകുമെന്നത് കണ്ടറിയണം. അവർ സമൻസുകളെ കോടതിയിൽ ചോദ്യം ചെയ്‌തേക്കാം. ഇത് അന്വേഷണം മാസങ്ങളോ വർഷങ്ങളോ വൈകിപ്പിക്കും.
കുത്തനേ കൂടി
ട്രംപിന്റെ ആസ്തി
ട്രംപിന്റെ കുടുംബം രണ്ട് വർഷത്തിനിടെ ക്രിപ്റ്റോകറൻസി, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയിലുണ്ടായ വർദ്ധനയും വിദേശ ബിസിനസ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. പുതിയ കണക്ക് പ്രകാരം ട്രംപിന്റെ വ്യക്തിഗത ആസ്തി 2.2 ബില്യൺ ഡോളറിലധികം വർദ്ധിച്ചിട്ടുണ്ട്.
ജനപ്രതിനിധി സഭ
ഡെമോക്രാറ്റിക് 247
റിപ്പബ്ലിക്കൻ 150
ഭൂരിപക്ഷം 218
ഫലം വരാൻ 38
ആകെ സീറ്റ് 435
സെനറ്റ്
ഡെമോക്രാറ്റിക് 54
റിപ്പബ്ലിക്കൻ 44
ഭൂരിപക്ഷം 51
ഫലം വരാൻ 2
ആകെ സീറ്റ് 100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |