SignIn
Kerala Kaumudi Online
Sunday, 08 November 2026 2.33 PM IST

'നിങ്ങളുടെ ത്യാഗമാണ് നക്‌സലിസത്തിന് അന്ത്യം കുറിച്ചത്'; സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

narendra-modi
നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. നക്സ‌ലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സേന നടത്തിയ ത്യാഗങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.

അതേസമയം, നക്‌സലിസം നേരിടുന്നതിൽ മുൻ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് നക്‌സലിസത്തിനെതിരായ പോരാട്ടത്തിൽ സേനയുടെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞത്. 'നിങ്ങളുടെ ത്യാഗങ്ങളുടെ ഫലമായാണ് ഇവിടെ നക്‌സലിസത്തിന്റെ ഭീകരത കുറയ്‌ക്കാൻ നമുക്ക് കഴിഞ്ഞത്'- പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികരുടെ ദൗത്യത്തിന് തുല്യമായ പ്രാധാന്യം രാജ്യത്തിനകത്ത് സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥർക്കുമുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിൽ ആഭ്യന്തര സുരക്ഷ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തമാണെങ്കിൽ വിദേശശക്തികൾക്കവിടെ വിജയിക്കാനാകില്ല. എന്നാൽ, ആഭ്യന്തരസുരക്ഷ ദുർബലമായാൽ, വിദേശ ശത്രുക്കളും തലയുയർത്തും'- പ്രധാനമന്ത്രി പറഞ്ഞു. നക്സലിസത്തെ പരിഹരിക്കാനാകാത്ത പ്രശ്‌നമായി കണ്ട് മുൻ സർക്കാരുകൾ അതിനെ വളർത്തുകയായിരുന്നെന്നും നരേന്ദ്ര മോദി വിമർശിച്ചു. നക്‌സലിസത്തിനെതിരായ കേന്ദ്രസ‌ർക്കാരിന്റെ നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് ബസ്‌തർ. കേന്ദ്ര റിസർവ് പൊലീസ് സേനയും ഛത്തീസ്‌ഗഢ് പൊലീസും സംയുക്തമായാണ് മേഖലയിൽ നക്‌സൽ വിരുദ്ധ പ്രവ‌ർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് തന്റെ പതിവാണെന്നും അവരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ, ഹിമാലയൻ മേഖലിയിലെ ലെപ്‌ച, സർ ക്രീക്ക്, ഐഎൻഎസ് വിക്രാന്ത് എന്നിവിടങ്ങളിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച അനുഭവങ്ങളും മോദി പങ്കുവച്ചു.

English Summary

Prime Minister Narendra Modi celebrated Diwali with security personnel in Chhattisgarh's Bastar region, praising their sacrifices in the fight against Naxalism. He also criticised previous Congress governments for failing to tackle Left-wing extremism.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIPAWALI, PM MODI, PM MODI WITH SECURITY OFFICERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360