SignIn
Kerala Kaumudi Online
Monday, 14 September 2026 7.45 PM IST

തായ്‌വാൻ വിഷയത്തിൽ ചൈനയോട് ബൈഡൻ: തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, അമേരിക്കൻ സൈന്യം പ്രതിരോധിക്കും

v

ടോക്കിയോ: തായ്‌വാനിൽ ചൈന അധിനിവേശം നടത്തിയാൽ അമേരിക്കൻ സൈന്യം ശക്തമായി പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ടോക്കിയോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ബൈഡന്റെ പരാമർശം.

ചൈന അപകടകരമായ നീക്കം നടത്തുകയാണ്. തീക്കൊള്ളി കൊണ്ടാണ് അവർ തല ചൊറിയുന്നത്. റഷ്യ യുക്രെയിനിൽ നടത്തിയ അധിനിവേശത്തെത്തുടർന്ന് അമേരിക്കയും ജപ്പാനും ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചൈനയും റഷ്യയും ചേർന്നു നടത്തുന്ന നാവിക വിന്യാസങ്ങൾ ഞങ്ങൾ സംയുക്തമായി നിരീക്ഷിക്കുകയാണ്. ‘ഏക ചൈന’ നയത്തോട് യോജിക്കുന്നു. എന്നാൽ, ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് തെറ്റാണ്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് സമാനമായിരിക്കുമത്. തന്ത്രപരമായ സൈനിക മുന്നേറ്റമാണ് ചൈന നടത്തുന്നത്. യുക്രെയിനിൽ അധിനിവേശം നടത്തിയതിന് റഷ്യ ദീർഘകാലാടിസ്ഥാനത്തിൽ പിഴ ഒടുക്കേണ്ടി വരും. തായ്‌വാൻ കീഴടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിതെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

 വിട്ടുവീഴ്ച ചെയ്യില്ലെന്ന് ചൈന

അതേസമയം, ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ചൈന രംഗത്തെത്തി. തായ്‌വാൻ പ്രശ്നം ചെനയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. ചൈനയുടെ പരാമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും തൊട്ടുകളിച്ചാൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷ വേണ്ട. ചൈനയുടെ ദേശീയ താൽപര്യം സംരക്ഷിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നിഷ്പക്ഷത കൈവിട്ട് അമേരിക്ക

സ്വയംഭരണ പ്രദേശമായ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നത്. തായ്‌വാനെ ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്ന് പാ‌‌ർട്ടി പ്രഖ്യാപിച്ചിരുന്നു. ദശകങ്ങളായി തന്ത്രപരമായ നിഷ്പക്ഷത സ്വീകരിച്ചാണ് അമേരിക്ക ചൈനയുമായും തായ്‍വാനുമായും ബന്ധം നിലനിറുത്തിയിരുന്നത്. തായ്‍വാനെ ചൈന ആക്രമിച്ചാൽ അമേരിക്കയുടെ നിലപാട് എന്തായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത ഇല്ലായിരുന്നു. ബീജിംഗിനെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനൊപ്പം തായ്‍വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതായിരുന്നു അമേരിക്കയുടെ നിലപാട്. അമേരിക്ക നയതന്ത്രപരമായി ബീജിംഗിനെ അംഗീകരിക്കുമ്പോഴും യഥാർത്ഥത്തിൽ തായ്പേയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുകയാണ്.

അതിനിടെയാണ് തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നടപടിയെ വിമർശിച്ച് ബൈഡൻ രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, TAIWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360