
മുളന്തുരുത്തി: ബൈക്കിലെത്തിയ മൂന്നംഗ സംഘം മുളന്തുരുത്തി മുതൽ അരയൻകാവ് വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും വ്യാപക മോഷണം നടത്തി. ഇന്നലെ പുലർച്ചെ 1 മുതൽ 4 വരെയുള്ള സമയത്തിനിടെയാണ് മോഷണങ്ങൾ നടന്നത്.
ആമ്പല്ലൂരിലെ ആർ.ജെ. സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് ഏകദേശം 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നു. ആമ്പല്ലൂർ പാണർപാലത്തിന് സമീപത്തെ മണിക്കനാംപറമ്പിലുള്ള പെട്രോൾ പമ്പിൽ നിന്ന് 5,000 രൂപയും ഒരു മൊബൈൽ ഫോണും മോഷ്ടിച്ചു. അരയൻകാവിലെ വട്ടുതോട്ടം പെട്രോൾ പമ്പിൽ നിന്ന് 12,500 രൂപയും കവർന്ന സംഘം, ചാലക്കപ്പാറയിൽ നിന്ന് പാർക്ക് ചെയ്തിരുന്ന ഡ്യൂക്ക് ബൈക്കും മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം തിരിച്ചറിഞ്ഞത്. തുടർന്ന് മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടിവികൾ പരിശോധിച്ചപ്പോൾ മുഖം മറച്ച മൂന്ന് യുവാക്കൾ വിവിധ സ്ഥാപനങ്ങളിൽ കയറി മോഷണം നടത്തുന്ന ദൃശ്യം കണ്ടെത്തി. പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |