
അക്രമാസക്തയായ സ്ത്രീയെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സംഭവം
പാലാ : മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചതിന്റെ സന്തോഷം മാറും മുമ്പേ ഡ്യൂട്ടിക്കിടെ അപകടകരമായ സാഹചര്യത്തെ നേരിട്ട പാലാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.എസ്.നിസയ്ക്ക് കൈയ്ക്ക് പരിക്ക്. അക്രമാസക്തയായ സ്ത്രീയെ അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റുന്നതിനിടെ കത്തി പിടിച്ചു വാങ്ങുമ്പോഴാണ് സംഭവം.
വലത് ഉള്ളംകൈയ്യിലാണ് മുറിവേറ്റത്. ഞായറാഴ്ച വൈകിട്ട് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. രാമപുരം സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ അക്രമാസക്തയാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. ഉടൻ എ.എസ്.ഐ നിസ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി.
സ്ത്രീയെ ശാന്തയാക്കാൻ ശ്രമിച്ചു. തുടർന്ന് ഇവരെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ഇരുത്തി. ഇതിനിടെയാണ് സ്ത്രീയുടെ കൈയിൽ കത്തിയുള്ളത് നിസയുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടസാദ്ധ്യത കണക്കിലെടുത്താണ് കത്തി പിടിച്ചെടുക്കാൻ ശ്രമിച്ചത്. മുറിവേറ്റ നിസ ആശുപത്രിയിൽ ചികിത്സ തേടി.
വിശദ അന്വേഷണം
സംഭവസമയത്ത് നിസയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലാണ് കൂടുതൽ അപകടം ഒഴിവാക്കാൻ സഹായിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ത്രീയുടെ കൈയിൽ കത്തി എങ്ങനെ എത്തി, ഇവർ അക്രമാസക്തമായി പെരുമാറാനുണ്ടായ സാഹചര്യം തുടങ്ങിയവ അന്വേഷണത്തിൽ വ്യക്തമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |