SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

സൈബ‌ർ തട്ടിപ്പിൽ ചോ‌‌ർ‌ന്നത് ₹801 കോടി

cyber

കൊച്ചി: ഒരുവർഷം മലയാളികളുടെ പോക്കറ്റിൽനിന്ന് സൈബർ തട്ടിപ്പ് സംഘം ചോർ‌ത്തിയത് 801 കോടി രൂപ. പൊലീസിന്റെ സൈബർ ഡിവിഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം. ഡിജിറ്റൽ അറസ്റ്റ്, ഡീപ് ഫേക്ക്, വായ്പ ആപ്പുകൾ, സമ്മാന വാഗ്ദാനങ്ങൾ, ഓൺലൈൻ ട്രേഡിംഗ് തുടങ്ങി പലവിധ തട്ടിപ്പുകളിലൂടെയാണ് ഇത്രയും തുക തട്ടിയെടുത്തത്.

സോഷ്യൽ മീഡിയ പരസ്യങ്ങളാണ് തട്ടിപ്പുകാരുടെ പ്രധാന ചൂണ്ടക്കൊളുത്ത്. വ്യാജ പരസ്യങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി ഏറ്റവും കൂടുതൽ ആളുകൾക്ക് പണം നഷ്ടപ്പെട്ടു. ആകെ 3,996 പേരാണ് ചതിക്കുഴിയിൽ വീണത്. തൊഴിൽ അവസരങ്ങൾ തേടിയെത്തിയ 3,028 പേരുടെ പണവും വ്യാജ വായ്പാപദ്ധതികൾ വിശ്വസിച്ച 2,317 പേരുടെ സമ്പാദ്യവും തട്ടിപ്പുകാർ കൊള്ളയടിച്ചു. ഓൺലൈൻ വ്യാപാര തട്ടിപ്പുകളിൽപ്പെട്ട് 1,069 പേർക്കും വ്യാജ ഓഫറുകൾ കണ്ട് ഇറങ്ങിത്തിരിച്ച 353 പേർക്കും ജീവിതസമ്പാദ്യം നഷ്ടമായി. വീട്ടുതടങ്കലിന് സമാനമായി ആളുകളെ മാനസികമായി തളർത്തി പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് വഴി 49 പേരുടെ പണവും കവർന്നു.

വ്യാജ ട്രേഡിംഗ് നിക്ഷേപങ്ങൾ മറ

ഏറ്രവുമധികം തട്ടിപ്പ് വ്യാജ ട്രേഡിംഗ് നിക്ഷേപങ്ങളുടെ മറയാക്കിയാണ്. ഫോൺകോളുകൾ, ടെലഗ്രാം സന്ദേശങ്ങൾ, വ്യാജ വെബ്‌സൈറ്റുകൾ എന്നിവ വഴി വൻ ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടൽ. സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലും എറണാകുളത്താണ്. ഇക്കാലയളവിൽ ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്ത 6,862 കേസുകളിലായി 182.51 കോടി രൂപയുടെ നഷ്ടമായി. എറണാകുളം സിറ്റി പരിധിയിൽ 3,409 കേസുകളിലൂടെ 118.41 കോടി രൂപ നഷ്ടമായപ്പോൾ, എറണാകുളം റൂറൽ പരിധിയിൽ 3,453 കേസുകളിലായി 64.10 കോടി രൂപ ഇരകൾക്ക് കൈവിട്ടുപോയി.

കൊച്ചി നഗരത്തിലെ മാത്രം നഷ്ടത്തിൽ 70 ശതമാനത്തോളവും വ്യാജ ട്രേഡിംഗ് വഴിയാണ് സംഭവിച്ചത്. നഷ്ടപ്പെട്ട തുകയിൽ സിറ്റി പരിധിയിൽ 25.05 കോടിയും റൂറലിൽ 14.74 കോടിയും മാത്രമാണ് പൊലീസിന് വീണ്ടെടുക്കാനായത്. സൈബർ തട്ടിപ്പുകളിൽ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.

ജില്ല - കേസുകൾ (നഷ്ടമായ രൂപ)

എറണാകുളം: 6,862 -(182.51 കോടി)
തിരുവനന്തപുരം: 4,987 (98.59 കോടി)
തൃശൂർ: 4,347 (89.33 കോടി)
കോഴിക്കോട്: 3,958 (60.46 കോടി)
കോട്ടയം: 2,513 (55.32 കോടി)
മലപ്പുറം: 4,849 (51.14 കോടി)
കണ്ണൂർ: 2,979 (48.66 കോടി)
ആലപ്പുഴ: 2,531 (48.29 കോടി)
പാലക്കാട്: 3,387 (48.13 കോടി)
കൊല്ലം: 2,999 (44.74 കോടി)
പത്തനംതിട്ട: 1,411 (29.69 കോടി)
കാസർകോട്: 1,550 (21.96 കോടി)
വയനാട്: 1,114 (11.40 കോടി)
ഇടുക്കി: 1,166 (11.07 കോടി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CYBER FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY