SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.49 AM IST

'ധനുഷ് എനിക്ക് പിതൃതുല്യൻ, ആ സൗഹൃദം നഷ്‌ടപ്പെടുന്നത് ഏറ്റവും വലിയ നഷ്‌ടം'; വിഘ്‌നേഷ് ശിവൻ

vignesh-shivan

​​​​​​നടൻ ധനുഷുമായുള്ള സൗഹൃദം നഷ്‌ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകനും നടി നയൻതാരയുടെ ജീവിതപങ്കാളിയുമായ വിഘ്‌നേഷ് ശിവൻ. താൻ പിതൃതുല്യനായി കാണുന്ന വ്യക്തിയാണ് ധനുഷെന്നും അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദം നഷ്‌ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു. ലവ് ഇൻഷ്യുറൻസ് കമ്പനിയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ധനുഷിനെ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ജൂലായ് 28 നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. എനിക്ക് അദ്ദേഹത്തിൽ ഒരു പിതൃതുല്യ സാന്നിധ്യം തോന്നാറുണ്ട്. ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് തിരിച്ചറിയുന്നത്. ആ ബന്ധം നഷ്ടപ്പെടുന്നതാണ് എന്റെ ഏറ്റവും വലിയ നഷ്ടം. അത് എനിക്ക് ലജ്ജ തോന്നുന്ന കാര്യവുമാണ്. എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് എനിക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്' - വിഘ്‌നേഷ് ശിവൻ പറഞ്ഞു.

'വിഐപി ഷൂട്ടിങ്ങിനിടെ രണ്ട് വർഷത്തോളം താൻ ധനുഷിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ താൻ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളുവെന്നും വിഘ്‌നേഷ് പറഞ്ഞു. ചിലപ്പോൾ ആളുകൾക്കിടയിൽ സംഭവിക്കുന്നത് എന്താണെന്ന് മറ്റുള്ളവർക്ക് മനസിലാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ താൻ പ്രൊഡ്യൂസ് ചെയ്‌ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ഉപയോഗിച്ചതിന്റെ പേരിൽ ധനുഷ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് താരങ്ങൾ തമ്മിൽ ശത്രുതയിലാണെന്ന വാർത്ത കൂടുതൽ പ്രചരിക്കാൻ തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷമാണ് ഇതേക്കുറിച്ച് വിഘ്‌നേഷ് തുറന്നുസംസാരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, CELEBRITY, KOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY