
പാലക്കാട്: സമയം രാവിലെ 10.30. 39 ഡിഗ്രി മീനച്ചൂടിനെ അവഗണിച്ച് പ്രിയ നേതാവിനെക്കാത്ത് ആയിരങ്ങളാണ് പാലക്കാട് എലപ്പുള്ളി, പാറ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് ഒഴുകിയത്. ബസ് സ്റ്റാൻഡിന് സമീപത്തെ വേദിയും 2000 പേരെ ഉൾക്കൊള്ളുന്ന സദസും ചുവപ്പണിഞ്ഞിരുന്നു. പതിനൊന്നുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കറുത്ത കിയ കാർ പൊതുയോഗ വേദിക്കരികിലെത്തി. തുടർന്ന് മുദ്രാവാക്യക്കടലിലൂടെ വേദിയിലേക്ക്. കെ. രാധാകൃഷ്ണൻ എം.പിയും മലമ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രഭാകരനും മറ്റു നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു.
മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചു. 40 മിനുട്ട് നീണ്ട പ്രസംഗത്തിൽ ഓരോ വാക്കുകൾക്കിടയിലും യു.ഡി.എഫിനും ബി.ജെ.പിക്കും കിട്ടിയത് കനത്ത പ്രഹരം. ഒപ്പം കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സർക്കാരിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിനേയും വിശ്വാസത്തിലെടുക്കുന്നു. ജീവിതാനുഭവത്തിനനുസരിച്ചാണ് ജനം പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി അവർ 2021ൽ എൽ.ഡി.എഫിന് തുടർഭരണം സമ്മാനിച്ചു. അതിനു ശേഷമുള്ളകാര്യങ്ങളും ജനം വിലയിരുത്തും.
വിദ്യാഭ്യാസ-ആരോഗ്യരംഗം, പശ്ചാത്തലസൗകര്യം, കാർഷികമേഖല എന്നിങ്ങനെയെല്ലാം കേരളം വളർന്നു. അപൂർവം രാഷ്ട്രങ്ങളേ അതിദാരിദ്ര്യമുക്തമായിട്ടുള്ളൂ. നമ്മുടെ സംസ്ഥാനം അതിദാരിദ്ര്യമുക്തമാണ്. എങ്ങനെ ഇത് സംഭവിച്ചെന്ന് ലോകം ആശ്ചര്യപ്പെടുകയാണ്. എൽ.ഡി.എഫായതുകൊണ്ടാണ് അത് സംഭവിച്ചത്.
കോൺഗ്രസിനും ബി.ജെ.പിക്കും ആഗോളവത്കരണ നയമാണ്. അത് കോർപ്പറേറ്റുകളെയാണ് സഹായിക്കുന്നത്. എൽ.ഡി.എഫ് ജനപക്ഷത്താണ് നിൽക്കുന്നത്. ദുരന്തങ്ങളിൽ ആരുടെ സഹായവും കിട്ടിയില്ലെങ്കിലും പതറാത്ത കേരളത്തെക്കണ്ട് ലോകം ആശ്ചര്യപ്പെട്ടു. നാടും ജനങ്ങളും സർക്കാരിനൊപ്പം നിന്നതാണ് അതിജീവനരഹസ്യം.
ദുരന്തംപോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ സഹായിച്ചില്ല. കേരളം തകരട്ടെ, നശിക്കട്ടെ, രക്ഷപ്പെടരുത് എന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. അതേ സമീപനമായിരുന്നു യു.ഡി.എഫിനും. കേരളത്തിന് വികസനം വേണമെങ്കിൽ തുടർഭരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വഞ്ചകൻമാരെ നാട് ഒറ്റപ്പെടുത്തണം
കഴിഞ്ഞദിവസം രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി ഇന്നലെ രാവിലെ പത്തിന് കഞ്ചിക്കോട് ഡിസ്ട്രിക്റ്റ് 9 ഹോട്ടലിൽ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. തുടർന്നാണ് എലപ്പുള്ളിയിലെത്തിയത്. 12.10ന് തിരിച്ച് ഹോട്ടലിലേക്ക്. ഉച്ചയൂണിനും രണ്ടു മണിക്കൂറത്തെ വിശ്രമത്തിനും ശേഷം വൈകിട്ട് നാലിന് കടമ്പഴിപ്പുറത്ത് സംഘടപ്പിച്ച ഒറ്റപ്പാലം മണ്ഡലത്തിന്റെ എൽ.ഡി.എഫ് സമ്മേളനവേദിയിലെത്തി. 'യു.ഡി.എഫ് എത്രഗതികേടിലാണ്. ചരിത്രം ഒരുകാലത്തും വഞ്ചകൻമാർക്ക് ജയം കൊടുത്തിട്ടില്ല. വഞ്ചകൻമാരെ എല്ലാക്കാലത്തും നാട് ഒറ്റപ്പെടുത്തണം" പാർട്ടിവിട്ട പി.കെ. ശശിയെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. ഈ സമയം സദസിൽ നിറഞ്ഞ കൈയടി. വൈകിട്ട് അഞ്ചോടെ പട്ടാമ്പി കൊപ്പത്തും ആറിന് തൃത്താലയിലെ കൂറ്റനാട്ടെയും പൊതുയോഗങ്ങളിലും സംസാരിച്ചു. രാത്രിയോടെ മലപ്പുറം തിരൂരിലേക്ക് തിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |