SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.32 AM IST

എ.കെ. ബാലൻ കേരളകൗമുദിയോട് ലീഗ് വർഗീയ കക്ഷി

Increase Font Size Decrease Font Size Print Page
fd

ഈ തിരഞ്ഞെടുപ്പിൽ കേരളം വലിയ തോതിൽ ചർച്ച ചെയ്യുന്നത് സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എ.കെ. ബാലൻ കൊളുത്തിവിട്ട ജമാഅത്തെ - ലീഗ് - യു.ഡി.എഫ് ബന്ധമാണ്. മൂന്നു മുന്നണികളും ഈ ചർച്ചയിൽ പങ്കാളികളായി. ബാലനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായി. പാർട്ടി വിട്ട ജി. സുധാകരനടക്കമുള്ളവർ കെട്ട മുട്ടകളാണെന്ന വിവാദ പരാമർശവും ആവർത്തിച്ചു. കേരളകൗമുദിയുമായുള്ള സംഭാഷണത്തിൽ നിന്ന്.

?താങ്കളുടെ ജമാഅത്തെ-ലീഗ് കൂട്ടുകെട്ട് പരാമർശം വലിയ ചർച്ചയാണല്ലോ

കഴിഞ്ഞ കാലങ്ങളിൽ മതനിരപേക്ഷ മുഖമുണ്ടായിരുന്ന പാർട്ടിയല്ലേ മുസ്ലിംലീഗ്. അവരെന്തിനാണീ അവിശുദ്ധ കൂട്ടുകെട്ടിനിറങ്ങിയത്. മതമാണ് പ്രശ്‌നമെന്നുപറഞ്ഞ് പത്തു വർഷം കൊണ്ട് കേരളത്തിൽ മുസ്ലീങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനാണ് അധികാരത്തിൽ വരുന്നതെന്ന് അവരുടെ മുതിർന്ന് നേതാക്കൾ പറഞ്ഞില്ലേ. ജമാഅത്തെ ബന്ധത്തിനെതിരെ ലീഗിനൊപ്പം കഴിഞ്ഞ കാലങ്ങളിൽ നിന്ന ഇ.കെ സുന്നി വിഭാഗം പ്രസ്താവന ഇറക്കിയില്ലേ. ഈ കൂട്ടുകെട്ട് അപകടകരമാണെന്ന് പ്രമുഖ മുസ്ലീം സംഘടനകൾ പറയുമ്പോൾ എന്താണ് ലീഗിന് ജമാഅത്തെയോട് ഇത്രയും താത്പര്യം.

?എം.കെ. മുനീറിന് സീറ്റ് നിഷേധിച്ചതിന് പിന്നിലും ജമാ അത്തെയാണെന്ന് എളമരം കരീം പറഞ്ഞു

വസ്തുതയല്ലേ. തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും മത്സരിക്കാൻ തയ്യാറെന്നും പാർട്ടിയെ അറിയിച്ച മുനീറിന് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിംഗ് മണ്ഡലത്തിൽ കെ.എം. ഷാജിയെ നിറുത്തിയതും ജമാഅത്തെ ഇസ്ലാമിയുടെ സമ്മർദ്ദത്താലാണ്. ഇതൊന്നും പറയാൻ എനിക്കാരേയും പേടിക്കേണ്ടതില്ല.

?കേരളം വീണ്ടും വർഗീയമായി ചേരി തിരിയുകയാണോ

കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി ഒരു വർഗീയ ശക്തിയും തലപൊക്കിയിട്ടില്ല. പിണറായി വിജയനെയും ഇടതുപക്ഷത്തേയും താഴെ ഇറക്കിയാലേ ഇത്തരം ശ്രമങ്ങൾക്ക് സ്‌പേസുള്ളൂ എന്നറിയാവുന്നവരാണ് ഇതിനു പിന്നിൽ.

?കേരളത്തിൽ സി.പി.എം -ബി.ജെ.പി ഡീലെന്നാണ് ആക്ഷേപം

നേമത്ത് ഒ. രാജഗോപാൽ ജയിക്കുമ്പോൾ കോൺഗ്രസിന്റെ പതിനായിരം വോട്ട് കുറഞ്ഞതെങ്ങനെയാണ്. കോന്നാടും മലമ്പുഴയിലും ഇത്തവണ ആര് തമ്മിലാണ് ഡീൽ. പാലക്കാട്ട് എൽ.ഡി.എഫിന് മുസ്ലിം നാമധാരിയായ സ്ഥാനാർത്ഥി വന്നപ്പോൾ തങ്ങളുടെ വോട്ട് ഷിഫ്റ്റായിപ്പോകുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അത് പേടിച്ച് ഡീലുമായിട്ടിറങ്ങിയിരിക്കുകയാണ്.

?എ.കെ. ബാലന്റെ കിളിപോയെന്നാണ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞത്

ഭാര്യയെ സ്ഥാനാർത്ഥിയാക്കുകയും അവരെ ജയിപ്പിക്കാൻ ബി.ജെ.പിയുമായി ഡീലുണ്ടാക്കുകയും ചെയ്ത നേതാവാണ് ശ്രീകണ്ഠൻ. എം.വി. ഗോവിന്ദന്റെ ഭാര്യ മത്സരിക്കുന്നതിനെതിരെ ഹാലിളകുന്ന കോൺഗ്രസുകാർക്കും മാദ്ധ്യമങ്ങൾക്കും ശ്രീകണ്ഠന്റെ ഭാര്യ മത്സരിക്കുന്നത് പ്രശ്‌നമല്ല. കുതിരകയറൽ സി.പി.എമ്മിന്റെ നെഞ്ചത്തേക്കാണല്ലോ. ശ്രീകണ്ഠന്റെ അധിക്ഷേപങ്ങൾക്കൊന്നും അതേവാക്കിൽ ഉത്തരം പറയാനില്ല.

?ജി. സുധാകരൻ പാർട്ടിവിട്ടത് വിനയാകില്ലേ

പാർലമെന്ററി വ്യാമോഹം. കമ്മ്യൂണിസ്റ്റുകാരൻ കെട്ടു പോയാൽ മുട്ട കെട്ടതു പോലെയെന്ന് മാവോ പറഞ്ഞിട്ടുണ്ട്. അത്തരം കെട്ട മുട്ടകളുടെ മണമാണിന്ന് കേരളത്തിൽ. ഇവരെല്ലാം കുറച്ചുകഴിയുമ്പോൾ കുറ്റബോധത്താൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക് വരും. രാഷ്ട്രീയ കേരളം അത് കാണും.

?മൂന്നാമതും ഇടത് സർക്കാർ ഉറപ്പാണോ

കേരളം കഴിഞ്ഞ പത്തു വർഷം കൊണ്ട് മാറിയ മാറ്റത്തെ പ്രബുദ്ധരായ ജനതയ്ക്ക് കാണാതിരിക്കാനാവുമോ. നൂറു ശതമാനവും മൂന്നാം ഇടതു സർക്കാർ വരും.

?എ.കെ. ബാലൻ മത്സരിക്കാതിരുന്നത് എന്തുക്കൊണ്ട് ? പ്രായമുള്ളവർ ഗോദയിലുണ്ടല്ലോ

ഞാൻ മത്സരിക്കാനില്ലെന്ന് നേരത്തെ പാർട്ടിയോട് പറഞ്ഞതാണ്. ഭാര്യയും മത്സരിക്കില്ലെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിക്ക് കരുത്തുപകരുകയാണ് പ്രധാന ദൗത്യം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.