SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.09 AM IST

മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആർക്ക് ..?

Increase Font Size Decrease Font Size Print Page
ygh

വാദ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. ജമാ അത്തെ-യു.ഡി.എഫ് കൂട്ടുകെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചത്. ഇന്നലെ അത് എസ്.ഡി.പി.ഐ -എൽ.ഡി.എഫ് കൂട്ടുകെട്ടിലേക്ക് മാറി. സി.പി.എം ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞെങ്കിലും പിണറായിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പേരെടുത്തുപറഞ്ഞ് എസ്.ഡി.പി.ഐയെ തള്ളാൻ തയ്യാറായില്ല. വാദം മറുവാദത്തിൽ പിണറായി വിജയൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ.

സതീശന്റേത് എന്തും വിളിച്ചു

പറയുന്ന എല്ലില്ലാത്ത നാക്ക്

പിണറായി വിജയൻ

പ്രതിപക്ഷ നേതാവിന് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്തും വിളിച്ചുപറയാൻ എല്ലില്ലാത്ത നാക്കുണ്ടായിരിക്കുകയാണ്. ബി.ജെ.പിയുമായി തങ്ങൾക്ക് ഡീലെന്ന് പറഞ്ഞവർ ഇപ്പോൾ പുതിയ ഡീലുമായിട്ടിറങ്ങിയിരിക്കുന്നു. മാദ്ധ്യമപ്രവർത്തകർക്കും മറ്റുചിലർക്കും പല താത്പര്യങ്ങളുമുണ്ടാകും. അതെല്ലാം കൈയിൽ വെച്ചാൽ മതി. കേരളത്തിലുണ്ടായ വികസനപ്രവർത്തനങ്ങൾ ജനം അറിഞ്ഞാൽ കുഴപ്പമാണെന്ന് കരുതി നട്ടാൽ മുളയ്ക്കാത്ത നുണയുമായിട്ടിറങ്ങിയിരിക്കുകയാണ്. ബി.ജെ.പിക്ക് മുമ്പ് കോർപ്പറേറ്റുകൾക്ക് സൗജന്യം നൽകി സമ്പന്നരെ അതി സമ്പന്നരാക്കിയവരാണിവർ. എൽ.ഡി.എഫ് കേരളത്തെ അതി ദരിദ്രരില്ലാത്ത സംസ്ഥാനമാക്കി. ലോകത്തിന് മുമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ മാറ്റത്തെ മൂടിവെക്കാനാണ് ഇത്തരം ശ്രമം. അതിലേക്ക് സതീശനൊപ്പം ചെന്നിത്തലയും ചേർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. വേങ്ങരയിലും മങ്കടയിലും ജയിക്കാനാണല്ലോ ഡീലുണ്ടാക്കി എന്നുപറയുന്നത്. അവിടെ അല്ലാതെ തന്നെ നല്ല ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കും.

എസ്.ഡി.പി.ഐയേയും പി.ഡി.പിയേയും

കിട്ടിയാൽ അവരെല്ലാം മതേതരർ

വി.ഡി.സതീശൻ

കേരളത്തിലെ സി.പി.എമ്മിന് എക്കാലത്തും രണ്ട് നയമാണ്. അവർ ആരെങ്കിലുമൊക്കെയായി ഡീലുണ്ടാക്കുന്നത് പുറത്ത് വന്നാൽ അവരെല്ലാം മതേതര ശക്തികളാണ്. യു.ഡി.എഫിന് ആരെങ്കിലും വോട്ട് ചെയ്യുമെന്നുപറഞ്ഞാൽ അവരെല്ലാം വർഗീയ ശക്തികൾ. ഇതെന്ത് ന്യായം. ജനം ഇതെല്ലാം കാണുന്നില്ലേ. കഴിഞ്ഞ എത്രയോ വർഷമായി സി.പി.എം എസ്.ഡി.പി.ഐയെ എതിർക്കുന്നില്ലേ. ഇപ്പോൾ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടുമെന്നായപ്പോൾ ഇവരുടെയെല്ലാം വർഗീയത ഒഴുകിപ്പോയോ. എസ്.ഡി.പി.ഐ ആവാം പി.ഡി.പി ആവാം, ആർ.എസ്.എസ് ആവാം... അവരുമായെല്ലാം ഡീലുണ്ടാക്കി വോട്ട് വാങ്ങാം. പി.ഡി.പി മതേതര പാർട്ടിയാണോ, എസ്.ഡി.പി.ഐ മതേതര പാർട്ടിയാണോ. സി.പി.എം സർട്ടിഫിക്കറ്റ് നൽകുമ്പോൾ എല്ലാവരും മതേതര പാർട്ടികൾ. എന്തൊരു നാണക്കേടാണിത്. പത്രസമ്മേളനത്തിൽ എസ്.ഡി.പി.ഐയെക്കുറിച്ച് ചോദ്യം ചോദിച്ചതുപോലും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. പാർട്ടി സെക്രട്ടറി മിണ്ടാതെ നടന്നുപോയി. ഇതൊക്കെ പോരെ ഡീലിന് തെളിവ്.

ഒരു വികസന

ചർച്ചയോടും

പേടിയില്ല

രാജീവ് ചന്ദ്രശേഖർ

വികസനചർച്ചകൾ നടക്കണമെന്നാണ് തുടക്കം മുതൽ ബി.ജെ.പി പറയുന്നത്. അത് നേമത്ത് മാത്രമല്ല, കേരളത്തിലെവിടെയും അത്തരം ചർച്ചകൾക്ക് തയ്യാറാണ്. നേമത്ത് ശിവൻകുട്ടി വെല്ലുവിളിച്ച ഡേറ്റ് പ്രധാനമന്ത്രി വരുന്ന ദിവസമാണ്. ശിവൻകുട്ടി മറ്റേതൊരു ഡേറ്റ് പറഞ്ഞാലും റെഡിയാണ്. വികസന ചർച്ചകളിൽ നിന്ന് വഴിതിരിച്ചുവിടാനല്ലേ ഇല്ലാത്ത ഡീലുകളുടെ കഥയുമായി രണ്ടുമുന്നണികളും വാക്‌പോര് നടത്തുന്നത്. എന്ത് താത്പര്യമാണ് കേരളത്തിലെ ജനതയ്ക്ക് ഇക്കാര്യങ്ങളിൽ. ഇവിടെ ജനം അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും വികസനവും വിദ്യാഭ്യാസ പുരോഗതിയുമല്ലേ ചർച്ചയാവേണ്ടത്. അങ്ങിനെയല്ലേ ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. അല്ലാതെ പാർട്ടികൾ തമ്മിലുള്ള ഡീലാരോപണം നടത്തി ജനത്തെ കബളിപ്പിക്കുകയല്ലേ ഇവർ നടത്തുന്നത്. എൻ.ഡി.എക്കും ബി.ജെപിക്കും അതിൽ താത്പര്യമില്ല. കേരളത്തിലെ ജനമാണ് ഞങ്ങൾക്ക് മുമ്പിലുള്ളത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.