
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ തെളിവു പുറത്തുവിട്ട് സി.പി.എമ്മിൽ നിന്നും പുറത്തായ മുൻ ജില്ല കമ്മിറ്റിയംഗവും പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ധനരാജ് കുടുംബ സഹായനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
2018 ജൂലായ് 9ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ധനരാജ് കുടുംബ സഹായനിധി അക്കൗണ്ടിൽ നിന്ന് ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് പണം കൈമാറ്റം നടന്നതായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നതായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഈ തുക ഭവന നിർമ്മാണച്ചെലവ് എന്നു രേഖപ്പെടുത്തി വ്യാജരേഖ തയ്യാറാക്കിയതായും ആരോപിച്ചു. ഇടപാടിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ഫണ്ട് വിനിയോഗം സംബന്ധിച്ച് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ച രേഖകളുടെ പകർപ്പുമാണ് പുറത്തുവിട്ടത്.
ഫണ്ട് തിരിമറി കണ്ടെത്താൻ പാർട്ടി ചുമതലപ്പെടുത്തിയ ആളെന്ന നിലയിൽ തനിക്ക് തെളിവു സഹിതം ഇക്കാര്യം തെളിയിക്കാൻ കഴിയുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏത് ന്യായീകരണത്തെയും നേരിടാൻ തയ്യാറാണ്. ഒരു രക്തസാക്ഷിയുടെ പേരിൽ ശേഖരിച്ച ഫണ്ട് ആ കുടുംബത്തിന് ഉപകരിക്കാതെ അപഹരിക്കപ്പെട്ടത് പാർട്ടി പ്രവർത്തകരോട് ഉൾപ്പെടെ ചെയ്ത ഏറ്റവും വലിയ വഞ്ചനയാണ്. ഇനിയും കൂടുതൽ തെളിവുകൾ പുറത്തുവിടും. ആരാണ് അഴിമതിക്കാർ എന്ന് ജനം വിലയിരുത്തുമെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |