SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

കരാറുകാർക്ക് കുടിശിക 12,000 കോടി നിർമ്മാണം പ്രതിസന്ധിയിൽ

ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ടാറുൾപ്പെടെ നിർമ്മാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റത്തിനും ക്ഷാമത്തിനുമൊപ്പം

ലഭിക്കാനുള്ള കുടിശികയും പെരുകിയതോടെ കരാറുകാർ പ്രതിസന്ധിയിൽ. ഇതോടെ പൊതുമരാമത്ത് വകുപ്പിന്റേതുൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. പൊതുമരാമത്ത്, ജലവിഭവം, തദ്ദേശസ്വയംഭരണം എന്നിവയിൽ നിന്നായി 12,000കോടിയിലധികം രൂപയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശികയാണിത്. 4250കോടിയോളമാണ് പൊതുമരാമത്തുവകുപ്പ് നൽകാനുള്ളത്. റോഡ്-പാലം നിർമാണം, റോഡ് പരിപാലനം വിഭാഗങ്ങളിൽ മാത്രം 2025 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ 1,305 കോടി രൂപയാണ് കുടിശിക. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ ഇതേ കാലയളവിൽ 344 കോടിയാണ് നൽകാനുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിൽ (കെ.ആർ.എഫ്.ബി) 18.44 കോടിയുടെ കുടിശികയുമുണ്ട്. 2025 നവംബറിന് ശേഷമുള്ള തുക ഒരു വിഭാഗത്തിലും കൊടുത്തിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിൽ 4,000 കോടിയോളമാണ് കൊടുക്കാനുള്ളത്. പ്ളാൻ ഫണ്ട് വിഹിതം വൈകിയതാണ് തദ്ദേശസ്ഥാപനങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇലക്ട്രിക്കൽ കരാറുകാർക്കും വൻ തുക കുടിശികയായുണ്ട്. ജല വിഭവവകുപ്പിലും 4,000 കോടിയോളം കൊടുത്തുതീർക്കാനുണ്ട്. കുടിശിക നിവാരണത്തിന് സർക്കാർ കരാറുകാർ പൊതുമരാമത്തുവകുപ്പ് മന്ത്രിയെ കണ്ടെങ്കിലും പരിഹാരമായിട്ടില്ല.

പലിശഭാരം, ബിൽ ഡിസ്കൗണ്ട്

സ്കീമിൽ അതൃപ്തി

പൊതുമരാമത്തുവകുപ്പിൽ ബിൽത്തുക നൽകാൻ ബിൽ ഡിസ്‌കൗണ്ട് സ്‌കീമുണ്ട്. കരാറുകാരനുള്ള ബിൽത്തുക നിശ്ചയിക്കപ്പെട്ട ബാങ്കിൽനിന്ന് വായ്പയായി അനുവദിക്കുന്നതാണിത്. പക്ഷേ തുകയുടെ പകുതി പലിശ കരാറുകാരൻ വഹിക്കണമെന്നതിനാലും ബാങ്കിൽനിന്ന് വായ്പയെടുത്ത് നടത്തുന്ന പ്രവൃത്തികളിൽ തിരിച്ചടവ് വൈകുന്നത് കരിമ്പട്ടികയിൽ ചേർക്കാനിടയാക്കുമെന്നതിനാലും കരാറുകാർക്ക് അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ഏറെക്കാലമായി കേന്ദ്രം നടപ്പാക്കിയ 'ട്രെഡ്‌സ്' (ട്രേഡ് റിസീവബിൾ ഇലക്ട്രോണിക് ഡിസ്‌കൗണ്ട് സിസ്റ്റം) രീതി സംസ്ഥാനത്തെ കരാറുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനം തയ്യാറായിട്ടില്ല. ട്രെഡ്സ് പ്രകാരം ബില്ലുകൾക്കുള്ള തുക ബാങ്കുകൾ വായ്പയായി കരാറുകാർക്ക് നൽകും. പലിശ പൂർണമായും സർക്കാരാണ് വഹിക്കേണ്ടത്.

പൊതുമരാമത്തുൾപ്പെടെ വിവിധ വകുപ്പുകളിൽ വലിയ തുക കുടിശികയുണ്ട്. ധവളപത്രത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ മൂന്നിരട്ടിയാണ് കിട്ടാനുള്ളത്

-വർഗീസ് കണ്ണമ്പള്ളി,പ്രസിഡന്റ്, ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 12000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA