
കൊച്ചി: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് മസാജ് സെന്ററെന്ന് തെറ്റിദ്ധരിച്ച് ചെന്നുകയറിയ വീട്ടിലെ യുവതിയോട് അതിക്രമം കാട്ടിയ രണ്ട് നാവികസേനാ ട്രെയിനികൾ അറസ്റ്റിൽ. ദക്ഷിണ നാവികസേനയിൽ വയർലെസ് കമ്മ്യൂണിക്കേഷൻ ട്രെയിനികളും സുഹൃത്തുക്കളുമായ തമിഴ്നാട് ശിവഗംഗ ഇളയൻഗുഡി സ്വദേശി അർപ്പുസുന്ദര പാണ്ഡ്യൻ (24) തിരുനെൽവേലി വെള്ളാർ സ്വദേശി ശിവകാർത്തികേയൻ (21) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ഞായറാഴ്ച ഉച്ചയ്ക്ക് ട്രെയിനികൾക്ക് അനുവദനീയമായ 3 മണിക്കൂർ ഇടവേളയിലാണ് ഇരുവരും മസാജ് സെന്റർ തേടി കലൂർ അശോക റോഡ് കൈപ്പള്ളി ലെയ്‌നിൽ എത്തിയത്. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. എന്നാൽ, മസാജ് സെന്ററെന്ന് കരുതി ഇവരെത്തിയത് 25കാരിയും മാതാവും താമസിക്കുന്ന വീട്ടിൽ.
'എൻജോയ്മെന്റിന് സൗകര്യമുണ്ടോ' എന്ന് ട്രെയിനികൾ ചോദിച്ചതോടെ യുവതി പരിഭ്രാന്തയായി. അതിനിടെ ട്രെയിനികളിൽ ഒരാൾ യുവതിയുടെ കൈയിൽ കയറി പിടിച്ചു. ഇരുവരുടേയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ യുവതി ശ്രമിച്ചതോടെ സമീപത്തെ ക്ലിനിക്കിലേക്ക് പ്രതികൾ ഓടിക്കയറി. യുവതിയും നാട്ടുകാരും പിന്തുടർന്ന് പിടികൂടിയാണ് പൊലീസിന് കൈമാറിയത്.
നേവൽ പൊലീസ്, നോർത്ത് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഒരു നാവികസേനാംഗമാണ് തങ്ങൾക്ക് ലൊക്കേഷൻ മാപ്പ് തന്നതെന്ന് ഇരുവരും മൊഴി നൽകി. പ്രതികളുടെ മൊബൈൽ ഫോണുകളുൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |