
തിരുവനന്തപുരം: എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിറുത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രനയം തിരുത്തപ്പെടണം. അമിതമായി വർദ്ധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർദ്ധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽറെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽ.പി.ജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്
രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർദ്ധനവ്.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |