തിരുവനന്തപുരം: എൽ.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടില്ല. ആരും ഉന്നയിക്കാത്തതിനാൽ വിഷയം ചർച്ചയായില്ല.
ഈ പദവിയെച്ചൊല്ലിയുള്ള സി.പി.എം- സി.പി.ഐ തർക്കമാണ് എൽ.ഡി.എഫ് യോഗം ചേരുന്നത് മൂന്നുമാസത്തിലേറെ വൈകാൻ ഇടയാക്കിയത്. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും പിന്മാറില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി നിലപാടെടുത്തിരുന്നു. എന്നാൽ, സർക്കാരിന്റെ തെറ്റായ നടപടികളും ഇതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളുമാണ് ചർച്ചയായത്. യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. മുന്നണിക്ക് മുന്നിൽ സി.പി.ഐ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണ്. ചർച്ചയ്ക്ക് വന്നിരുന്നെങ്കിൽ നിലപാട് വ്യക്തമാക്കുമായിരുന്നു.
അതേസമയം, ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരു പാർട്ടികളും ധാരണയിലെത്തിയതായി സൂചനയുണ്ട്. അടുത്ത മാസം എൽ.ഡി.എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടിയുള്ള സി.പി.എം വിശാല സമിതിക്ക് ശേഷമായിരിക്കും യോഗം. അതിനുള്ളിൽ ഉപനേതാവ് സ്ഥാനത്തിൽ ധാരണയിലെത്താനാണ് നീക്കം. എൻ.സി.പിയിലെ രണ്ടു വിഭാഗങ്ങളും ഇന്നലെ മുന്നണി യോഗത്തിൽ പങ്കെടുത്തു. മുന്നണിയുമായി ദീർഘകാലമായുള്ള ബന്ധമാണ് എൻ.സി.പിക്കുള്ളതെന്ന് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭിന്നിച്ചു നിൽക്കുന്നരെ ഒരുമിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും ഐ.എൻ.എല്ലിലെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷുഭിതനായി കൺവീനർ
ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സി.പി.എം, സി.പി.ഐ തർക്കം ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. പാർലമെന്ററി പാർട്ടി യോഗം ചേരാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് പ്രകോപനത്തിന് കാരണം. പാർലമെന്ററി പാർട്ടി യോഗം ചേരാത്തതുകൊണ്ട് സഭയിലെ പ്രവർത്തനത്തിൽ ഒരു പാളിച്ചയുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മാദ്ധ്യമത്തിന് അതിന്റേതായ താൽപര്യങ്ങളുണ്ടാകാമെന്നും അതിന് മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടക്കാത്ത വിഷയത്തിൽ അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പറഞ്ഞു.
ചർച്ചകളിലൂടെ തീരുമാനിക്കും: സി.പി.ഐ
പ്രതിപക്ഷ ഉപനേതാവ് വിഷയം സി.പി.എമ്മുമായി ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണ്. അത് എൽ.ഡി.എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലെന്ന് ധാരണയിലെത്തിയിരുന്നെന്നും സി.പി.ഐ അറിയിച്ചു. സി.പി.എമ്മുമായി ഉഭയ കക്ഷി ചർച്ച നടന്നുവരുന്നു. തർക്കം തീരാതെ എൽ.ഡി.എഫ് യോഗം ചേരുന്നത് ഉചിതമായിരിക്കില്ലെന്ന് രേഖാമൂലം സി.പി.എമ്മിനെ അറിയിച്ചതുമാണ്. നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |