വിഴിഞ്ഞം: ''അച്ഛൻ്റെ മുഖമൊന്നു കാണിക്കാമോ...?''
ആർത്തലച്ച് കരയുന്ന കുഞ്ഞുമക്കളുടെ ചോദ്യം കേട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ കണ്ണുകൾ ഈറനണിഞ്ഞു, കൂടി നിന്നവരുടെയും.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലെെഫ് ജാക്കറ്റ് ഊരി നൽകി മറ്റൊരു ജീവൻ രക്ഷിക്കവെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ വീട്ടിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് മക്കളെ ആശ്വസിപ്പിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്ക് വാക്കുകളിടറി. വിതുമ്പലടക്കി അദ്ദേഹം പിൻവാങ്ങി.
രാവിലെ പതിനൊന്നരയോടെ മൃതദേഹം കല്ലിയൂർ തെറ്റിവിള പ്രാഥമിക ആരോഗ്യ കേന്ദ്രം വളപ്പിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് അനുജൻ്റെ കുഴിമാടത്തിന് സമീപം സംസ്ക്കരിച്ചു. ഔദ്യോഗിക ബഹുമതിയായി പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണറിനു ശേഷമായിരുന്നു സംസ്കാരം.
ചൊവ്വാഴ്ച കണ്ണൂരിൽ നിന്നും മൃതദേഹവുമായി വരുമ്പോൾ തിരുവല്ലയില്‍ വെള്ളക്കെട്ടുണ്ടായിരുന്ന റോഡിൽ വെച്ച് വെള്ളം കയറി ആംബുലന്‍സ് തകരാറിലായി. പിന്നീട് മറ്റൊരു ആംബുലന്‍സിലാണ് യാത്ര തുടര്‍ന്നത്.
മൃതദേഹം ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും രാവിലെ മുതൽ നിരവധി പേരാണ് കാത്തുനിന്നത്. മന്ത്രിമാരായ സണ്ണിജോസഫ്, പി.സി. വിഷ്ണുനാഥ്, എം.എല്‍.എ.മാരായ എം.വിന്‍സെന്റ്, വി.ജോയി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. നേതാക്കളായ മുന്‍മന്ത്രി വി.ശിവന്‍കുട്ടി, എം.വി.ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, റൂറല്‍ ജില്ല പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിന്‍കര സനല്‍, ജില്ലാ പഞ്ചായത്തംഗം ആഗ്നസ് റാണി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് ശൈലജ, വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു, കെ.കെ.ചന്തുകൃഷ്ണ, എസ്. സോമശേഖരന്‍ നായര്‍, പി.രാജലക്ഷ്മി, കെ.വസുന്ധരൻ തുടങ്ങി രാഷ്ട്രീയ,സാമൂഹിക മേഖലയിലെ നിരവധി പ്രമുഖർ അന്തിമോപചാരം അര്‍പ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |