
തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കും. ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി കെ.മുരളീധരൻ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഡോക്ടർ ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം എന്നീ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിൽ സ്ഥാപിക്കണം. ഇവയിൽ വ്യത്യാസം വരുമ്പോൾ കൃത്യമായ ഇടവേളകളിൽ പുതുക്കണം. പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെ (വിജിലൻസ്) ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടർമാർ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കി പൊതുജനങ്ങൾക്ക് പരാതികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ഇതിലൂടെ സാധിക്കും. നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |