SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

കരുതൽ ശേഖരം കൂട്ടാൻ അധിക സെസ്, ഗ്യാസ് ബില്ല് പൊളളും?

gas

ന്യൂഡൽഹി: പാചക-പ്രകൃതി വാതക ഇന്ധനശേഖരം വിപുലീകരിക്കാനുള്ള വൻ പദ്ധതിക്ക് പണം കണ്ടെത്താൻ ഉപഭോക്താക്കളിൽ നിന്ന് അധിക സെസ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. 42 ബില്യൺ ഡോളർ(3.99 ലക്ഷം കോടിയോളം) ചെലവ് പ്രതീക്ഷിക്കുന്ന ഊർജ്ജസുരക്ഷാ പദ്ധതിക്കായാണ് നിരക്ക് വർദ്ധന പരിഗണിക്കുന്നത്.

ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും വിതരണശൃംഖലയിലെ തടസങ്ങളും കൂടുന്നതിനാൽ ദീർഘകാല ഇന്ധന സുരക്ഷ ഉറപ്പാക്കാൻ ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിവയുടെ കരുതൽ ശേഖരം കൂട്ടുകയാണ് ലക്ഷ്യം.

സിലിണ്ടറിന് 18 രൂപയിലേറെ കൂടും

ചെറിയതുക അധിക സെസ് ഏർപ്പെടുത്തി പ്രത്യേക ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. പാചകവാതകത്തിന് കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യുബിക് മീറ്ററിന് 1.43 രൂപയും അധികനിരക്ക് ഏർപ്പെടുത്താനാണ് നീക്കം. ഇതിലൂടെ പ്രതിവർഷം 14233 കോടി രൂപ സമാഹരിക്കാം. എന്നാൽ ഉപഭോക്താക്കൾക്ക് അമിതഭാരമാകും. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിൻഡറിന് ഒറ്റയടിക്ക് വർദ്ധിക്കുന്നത് 18 രൂപയിലേറെയാണ് . ഇത് സാധാരണക്കാരുടെ ബഡ്‌ജറ്റ് തകർക്കും. പ്രകൃതിവാതക(എൽ.എൻ.ജി/സി.എൻ.ജി) വിലയിലും വൻവർദ്ധനയുണ്ടാകും.

നിലവിലെ ശേഖരം പോരാ

നിലവിൽ രാജ്യത്തിന് തന്ത്രപ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും, ഭാവി ആവശ്യങ്ങൾ നേരിടാൻ പരിമിതകാലത്തേക്കുള്ള കരുതൽ ശേഖരം മാത്രമാണുള്ളത്. അടുത്ത 10 വർഷത്തേക്ക് 28 ദശലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണ, നാല് ദശലക്ഷം ടൺ എൽ.പി.ജി, ഒമ്പത് ദശലക്ഷം ടൺ എൽ.എൻ.ജി എന്നിവയുടെ അധിക സംഭരണം വേണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിനായാണ് പുതിയ പദ്ധതി.

പ്രഖ്യാപനം പാർലമെന്റ് പിരിഞ്ഞ ശേഷം ?


അധികസെസ് പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കും എന്നുറപ്പാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനാൽ ഉടൻ പ്രഖ്യാപിക്കില്ല. വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷം പദ്ധതി മന്ത്രിസഭാ പരിഗണനയ്ക്കു വിടും. മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA