SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

ഭൂമി തരംമാറ്റ ഉത്തരവ് ലംഘിച്ച ആർ.ഡി.ഒയ്ക്ക് കാൽലക്ഷം പിഴ ,​ കേരളകൗമുദിക്ക് ഹൈക്കോടതിയുടെ പ്രശംസ

READ ENGLISH VERSION
h

കൊച്ചി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ

വി.ഇ. അബ്ബാസിന് 25,000 രൂപ പിഴശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ, നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് ഒന്നാം പേജിൽ സത്യസന്ധമായി നൽകിയ കേരളകൗമുദിയെ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പ്രശംസിക്കുകയും ചെയ്തു.

ചേരാനല്ലൂർ സ്വദേശി മനു ആന്റണി സമർപ്പിച്ച ഹർജിയിലാണ് നടപടി. ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് നീക്കാൻ ഹർജിക്കാരൻ നൽകിയ അപേക്ഷ മുമ്പ് കണയന്നൂർ താലൂക്കിൽ പ്രവർത്തിക്കുമ്പോൾ അബ്ബാസ് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ, 90 ശതമാനം ഉദ്യോഗസ്ഥരും കാര്യകാരണങ്ങൾ മനസ്സിലാക്കാതെ നടപടിയെടുക്കുന്നതായി വിമർശിച്ച കോടതി അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു. എന്നാൽ, പഴയ ഉത്തരവ് ആവർത്തിക്കുകയാണ് ആർ.ഡി.ഒ ചെയ്തത്.

കോടതി നിർദ്ദേശത്തേ തുടർന്ന് കാക്കനാട് സബ് കളക്ടർ അപേക്ഷ പരിശോധിച്ചെങ്കിലും വീണ്ടും നിരസിച്ചു. ഈ രണ്ട് ഉത്തരവുകളും കോടതി റദ്ദാക്കി. ഹർജിക്കാരന്റെ അപേക്ഷ രണ്ട് മാസത്തിനകം പുനഃപരിശോധിക്കാനും നിർദ്ദേശിച്ച് ഹർജി തീർപ്പാക്കി.

പിഴ ഒരു മാസത്തിനകം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ മെഡിക്കൽ എയ്ഡ് സ്കീമിൽ അടയ്ക്കണം. വീഴ്ച വരുത്തിയാൽ ശമ്പളത്തിൽ നിന്ന് ഈടാക്കണം. കൃത്യവിലോപത്തിൽ വകുപ്പുതല നടപടി വേണം. വിധിന്യായങ്ങൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈമാറുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം.

കേരളകൗമുദിയിൽ

പൂർണ വിശ്വാസം

കേരളകൗമുദി സത്യം വെളിപ്പെടുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയിൽ ഹാജരാകാത്ത ആർ.ഡി.ഒയെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്ന ഉത്തരവ് ജൂലായ് 16നാണ് കേരളകൗമുദി ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചത്. ഒപ്പം അബ്ബാസിന്റെ പ്രതികരണവും നൽകി. സത്യവാങ്മൂലം കൈമാറിയെങ്കിലും സർക്കാർ അഭിഭാഷകൻ സമർപ്പിച്ചില്ലെന്നായിരുന്നു പ്രതികരണം. ഇത്തരമൊരു സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് പ്ലീഡർ ജോമോൻ ആന്റണി ഇന്നലെ വിശദീകരിച്ചു. സംസ്ഥാനത്ത് വിപുല പ്രചാരമുള്ള കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ പൂർണ വിശ്വാസമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. 1911ൽ സ്ഥാപിതമായ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള പത്രമാണ്. കൗമുദി അതിന്റെ കർത്തവ്യമാണ് നിർവഹിച്ചത്. ആർ.ഡി.ഒ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. താൻ ഒരു പത്രിക മാത്രമാണ് നൽകിയിരുന്നതെന്നും അത് കോടതിയിൽ സമർപ്പിക്കാൻ യോഗ്യമല്ലായിരുന്നെന്നും ആർ.ഡി.ഒ തന്നെ ഇപ്പോൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് അനുവദിക്കാനാകില്ല. ഉത്തരവുകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് ഈ കേസിലെ ശിക്ഷ മുന്നറിയിപ്പാണെന്നും ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA