
വിലക്കിയത് ഐഷി ഘോഷ് പങ്കെടുക്കുന്നതിനാൽ
കണ്ണൂർ: വി.സിയുടെ വിലക്ക് മറികടന്ന് കണ്ണൂർ സർവകലാശാലയിൽ ഷീ ഫെസ്റ്റ് സംഘടിപ്പിച്ച് എസ്.എഫ്.ഐ. സംഘടനയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്നതിനാലാണ് ഡോ. കെ.കെ.സാജു പരിപാടി തടഞ്ഞത്. ഇന്നലെ പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഐഷി മുഖ്യാതിഥിയായി പങ്കെടുത്തു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പസ് കാർണിവലിന്റെ ഭാഗമായാണ് ഷീഫെസ്റ്റ് സംഘടിപ്പിച്ചത്. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്യാമ്പസ് ഡയറക്ടർ യൂണിയൻ ഭാരവാഹികൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്മാറില്ലെന്ന് ഭാരവാഹികൾ സർവകലാശാല അധികൃതരെ അറിയിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയിരുന്നെന്നാണ് എസ്.എഫ്.ഐ അവകാശപ്പെടുന്നത്. ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കേണ്ടത് യൂണിയനാണെന്നും വി.സിയല്ലെന്നും കണ്ണൂർ ജില്ലാസെക്രട്ടറി ജോയൽ തോമസ് വ്യക്തമാക്കി.
ബലം പ്രയോഗിച്ച് പരിപാടി തടയില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. പരിപാടി നടത്തിയതിൽ വിദ്യാർത്ഥികളോട് വിശദീകരണം തേടാനാണ് നീക്കം. അതേസമയം സർവകലാശാല ആസ്ഥാനത്തേക്ക് ഉൾപ്പെടെ തുടർപ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ എസ്.എഫ്.ഐ തീരുമാനിച്ചു.
പരസ്യസംവാദത്തിന് ക്ഷണിച്ച് ഐഷി
ആർ.എസ്.എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും താൻ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വി.സി വ്യക്തമാക്കണമെന്നും ഐഷി പറഞ്ഞു. പരിപാടി നടക്കുന്നത് ആർ.എസ്.എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്നും ക്യാമ്പസിലാണെന്നും പറഞ്ഞ അവർ, വി.സിയെ പരസ്യസംവാദത്തിനു ക്ഷണിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |