
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് കണ്ടപ്പോഴേ കൈയിൽ കിട്ടിയതുമെടുത്ത് കുട്ടനാട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറി. 2018ലെ പ്രളയം വീടിന്റെ കഴുക്കോൽ വരെ മുക്കിയ ദുരനുഭവം ആരും മറന്നിട്ടില്ല.
ദുരിതാശ്വാസക്യാമ്പുകളിലേക്ക് കുറച്ചാളുകളെ പോയുള്ളു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലും മറ്റുമാണ് അഭയം തേടിയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിനാൽ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും ഒരാൾപ്പൊക്കത്തിൽ വെള്ളം.
കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ മുട്ടാർ, മഴയുടെ ആദ്യദിനങ്ങളിൽ തന്നെ ഒറ്റപ്പെട്ടു. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങൾ മടവീഴ്ചഭീഷണിയിലാണ്. ജങ്കാർ സർവീസ് നിറുത്തിയതോടെ കാവാലവും ഒറ്റപ്പെട്ടു. ഉൾപ്രദേശങ്ങളിലേക്കുള്ള ബസ് സർവീസും നിറുത്തിവച്ചു.
ആഴം കൂട്ടിയില്ല; പ്രതിരോധം പാളി
തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് കുട്ടനാട്ടിലെത്തുന്ന കിഴക്കൻവെള്ളം കടലിലേക്ക് ഒഴുകേണ്ടത്. സ്പിൽവേക്ക് ഇരുവശവും മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പൊഴിയിലെ മണൽത്തിട്ടകൾ കൃത്യസമയത്ത് നീക്കി ആഴം കൂട്ടാത്തതിനാൽ കടലിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സെക്കന്റിൽ 1800 ക്യുബിക് മീറ്റർജലം തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഒഴുകേണ്ട സ്ഥാനത്ത് 600 ക്യുബിക് മീറ്ററിൽതാഴെയാണ് ഇപ്പോൾ ഒഴുകുന്നത്.
കോടികൾ വെള്ളത്തിലാക്കി എ.സി റോഡ്
പ്രളയത്തിൽ പോലും മുങ്ങില്ലെന്ന വാഗ്ദാനത്തോടെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ സർക്കാർ അഭിമാന പദ്ധതിയായി 752 കോടി രൂപ മുടക്കി പുനർനിർമ്മിച്ച എ.സി റോഡ് മഴയുടെ ആദ്യ ദിനങ്ങളിൽ തന്നെ മുങ്ങി. കനത്ത മഴയിൽ റോഡിന്റെ പല ഭാഗങ്ങളിലും മൂന്നരയടി വരെ വെള്ളം ഉയർന്നു. റോഡിൽ വെള്ളം കയറിയതോടെ വാഹന ഗതാഗതം മുടങ്ങി. ഇരുചക്ര വാഹനങ്ങളും കാറുകളും വെള്ളത്തിൽ കുടുങ്ങി കേടായി.
എ.സി റോഡ് ഡിസൈൻ ചെയ്തവർക്കും നിർമ്മാണത്തിന് അനുമതി കൊടുത്തവർക്കുമെതിരെ വിജിലൻസ് അന്വേഷണം വേണം. കുട്ടനാടിന്റെ സ്വഭാവം മനസ്സിലാക്കാതെയാണ് റോഡ് നിർമ്മിച്ചത്
- റെജി ചെറിയാൻ, കുട്ടനാട് എം.എൽ.എ
വീട്ടിനുള്ളിൽ നെഞ്ചോളം വെള്ളമാണ്. മുറ്റത്ത് ഇറങ്ങിയാൽ കഴുത്തോളവും. വീട്ടിൽ എന്തെല്ലാം ബാക്കിയുണ്ടാകുമെന്ന് പോലും അറിയില്ല
- രാജമ്മ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടനാട്ടുകാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |