SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.29 PM IST

ഗുരുതര സുരക്ഷാലംഘനം; ശബരിമലയിൽ കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്‌റ്റർ പറന്നുവെന്ന് എഡിജിപി റിപ്പോർട്ട്

sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നെത്തി. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അതുകണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലയ്‌ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല.

വിവിഐപികൾ എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കലിൽ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ എത്തിയത് അതീവഗൗരവം എന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.

സംഭവത്തിൽ പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. സാങ്കേതിക പിഴവുണ്ടായി എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശതെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA, HELICOPTER, ADGP REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA