
തിരുവനന്തപുരം: സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ 'പണിക്കാരാക്കിയാൽ" അദ്ധ്യാപകർക്ക് പണി കിട്ടും. ഭക്ഷണം വിളമ്പാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ. ലംഘിച്ചാൽ അദ്ധ്യാപകർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണിതെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അൺ എയ്ഡഡ് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും വിലക്ക് ബാധകമാണ്. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.
വാർഷിക ആഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രഅയപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ അതിഥികൾക്ക് ഭക്ഷണവും പാനീയവും വിതരണം ചെയ്യാൻ വിദ്യാർത്ഥികളെ നിയോഗിക്കുന്നുവെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ക്ലാസ് മുറികൾ അടക്കം വൃത്തിയാക്കാനും അവരെ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും ചടങ്ങളുടേയും അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക പരിപാടികളിൽ കുട്ടികളെ അണിനിരത്തി താലപ്പൊലി എടുപ്പിക്കുന്നതും സ്വീകരണത്തിനു ഉപയോഗിക്കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ ഒഴിവാക്കിയിരുന്നു.
ഡി.ഇ.ഒ നടപ്പാക്കണം
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് നിർദ്ദേശം നടപ്പിലാക്കേണ്ടത്. ഓരോ സ്‌കൂളിനും പ്രത്യേകമായി നിർദ്ദേശം നൽകേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറ്കടർ ഇ- മെയിൽ വഴിയാണ് നിർദ്ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |