
കൊച്ചി: സുദീർഘമായ അന്വേഷണം, നൂറുകണക്കിന് രേഖകളുടെ പരിശോധന എന്നിവയുടെ പിൻബലത്തോടെയും ശക്തമായ മുന്നൊരുക്കത്തോടെയുമാണ് വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്തത്. എക്സാലോജിക് സൊല്യൂഷൻസിന്റെ ഇടപാടുകൾ മുതൽ വീണയുടെ സ്വത്തുവിവരം വരെ ഇ.ഡി ശേഖരിച്ചു. കൊച്ചിയിൽ സി.എം.ആർ.എല്ലിന്റെ 2013-18 കാലയളവിലെ സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിന്നാണ് തുടക്കം.
വീണയുടെ സ്ഥാപനത്തിന്, നൽകാത്ത സേവനത്തിന്റെ പേരിലും വായ്പയായും പണം കൈമാറിയെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി. എക്സാലോജിക്കിന് 2.78 കോടി കൈമാറിയെന്ന കണ്ടെത്തലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എസ്.എഫ്.ഐ.ഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. സി.എം.ആർ.എല്ലിൽ ഇ.ഡി പരിശോധന നടത്തി. കഴിഞ്ഞ ഏപ്രിലിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അൻജു റാഫേൽ കുരുവിള, സീനിയർ ഫിനാൻസ് മാനേജർ പി. സുരേഷ്കുമാർ, മുൻ കാഷ്യർ വി. വാസുദേവൻ എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്, എസ്.എഫ്.ഐ.ഒയ്ക്ക് ഷോൺ ജോർജ് സമർപ്പിച്ച പരാതി, എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം, അനുബന്ധരേഖകൾ, മറ്റു രേഖകൾ, തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി വീണയെ ചോദ്യം ചെയ്യുന്നത്.
വീണയെ വീണ്ടും വരുത്തിയേക്കും
കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചശേഷം ആവശ്യമെങ്കിൽ വീണാവിജയനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കൊച്ചി ഓഫീസിലെ ചോദ്യം ചെയ്യൽ ചെന്നൈയിലെ സ്പെഷ്യൽ ഡയറക്ടർ ഓഫീസ്, ഡൽഹിയിലെ ആസ്ഥാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഓൺലൈനിൽ നിരീക്ഷിച്ചു.
മാസങ്ങളായി ഇ.ഡി തുടരുന്ന അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ, റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ, ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്, സി.എം.ആർ.എൽ ഉടമകൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയും വീണയെ ചോദ്യം ചെയ്തു. ഓഫീസ് പരിസരത്ത് വൻസുരക്ഷ തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയ ഇ.ഡി സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിച്ച പശ്ചാത്തലത്തിൽ വൻസുരക്ഷ ഓഫീസ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നു. പ്രതിഷേധിക്കാൻ ആരും എത്തിയില്ല. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ. സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യാ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നെടുത്ത വായ്പ, ഇതിന്റെ വിനിയോഗം, തിരിച്ചടവ് എന്നിവ സംബന്ധിച്ചും വിശദീകരണം തേടി.
വീണ എത്തിയത് റിയാസിനൊപ്പം
കൊച്ചി: ഭർത്താവ് മുഹമ്മദ് റിയാസ് എം.എൽ.എയ്ക്കൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് വീണാ വിജയൻ കടവന്ത്രയിലെ ഇ.ഡി ഓഫീസിലെത്തിയത്. ഓഫീസിലേക്ക് വീണയെ മാത്രം പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് വീണ കൊച്ചിയിൽ എത്തിയതായാണ് വിവരം. രാവിലെ 10.30ന് ഹാജരാകാനായിരുന്നു നോട്ടീസ്. 10.26ന് വീണയുമായി കാർ ഇ.ഡി ഓഫീസിന് മുന്നിലെത്തി. പിന്നിലെ സീറ്റിലായിരുന്നു വീണ. തലയിൽ ഷാൾ ഇട്ടിരുന്നു. കറുത്ത മാസ്കും ധരിച്ചിരുന്നു. ഭർത്താവ് മുഹമ്മദ് റിയാസും പിൻസീറ്റിൽ ഉണ്ടായിരുന്നു. ഇ.ഡി ഓഫീസിന്റെ ഗേറ്റ് മുതൽ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. കൂടുതൽ ഭടൻമാരെ വിന്യസിച്ചിരുന്നു. റോഡിൽ പൊലീസ് സംഘം കാവലൊരുക്കി. കാർ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. വീണയെ സി.ഐ.എസ്.എഫ് ഭടന്മാർ അകത്തേക്ക് കയറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |