
ആലപ്പുഴ : ലോകത്തിലെ ഏറ്റവും മികച്ച വികസന മാതൃകകളിലൊന്നായി യു.എ.ഇയെ ഉയർത്തിയ ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ജന്മദിനാശംസകൾ നേർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പദ്മഭൂഷൺ ലഭിച്ചതിന് യു.എ.ഇയിലെ എസ്.എൻ.ഡി.പി യോഗം സേവനത്തിന്റെ ഭാരവാഹികൾ നൽകിയ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ചേർത്തുപിടിക്കുന്ന സംസ്കാരമാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. ആ മഹത്തായ സന്ദേശം ഭരണത്തിലൂടെ ലോകത്തിന് കാണിച്ചു തന്ന രാജ്യമാണ് യു.എ.ഇ. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭരണ സംവിധാനമാണ് ഈ രാജ്യം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വികസനത്തിന്റെ കാര്യത്തിൽ മാത്രമല്ല, മാനവികതയിലും യു.എ.ഇ ഇന്ന് ലോകത്തിന് മാതൃകയാണ്..ലക്ഷക്കണക്കിന് മലയാളികൾക്ക് തൊഴിലും സുരക്ഷിത ജീവിതവും സാമ്പത്തിക ഭദ്രതയും സമ്മാനിച്ച രാജ്യമാണ്,.കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ വിയർപ്പിലൂടെ ലഭിച്ച സംഭാവനകൾക്ക് നിർണായക സ്ഥാനമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ സേവനം യൂണിയൻ ഭാരവാഹികൾ ഉപഹാരം സമ്മാനിച്ചു. .യോഗം യു.എ.ഇ കോ ഓർഡിനേറ്ററും പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, അബുദാബി യൂണിയൻ കൺവീനർ ചാറ്റർജി കായംകുളം, ഷാർജ യൂണിയൻ കൗൺസിലർ കലേഷ്, യു.എ.ഇ മുൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |