
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലേക്ക് വകുപ്പുകൾ നൽകിയ കരട് നിർദ്ദേശങ്ങൾ ഇന്നലെ മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തു. പൊതു ശുപാർശകൾക്ക് അംഗീകാരം നൽകി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ 19ന് നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കും. യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും. തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികൾ നടപ്പാക്കുന്നതും ചർച്ചയായി. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബഡ്ജറ്റിൽ അധികവിഹിതമുണ്ടാവും. അടുത്തഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലേയ്ക്കടക്കം പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സാദ്ധ്യതകൾ ചില മന്ത്രിമാർ ആരാഞ്ഞു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്തേ ഈ തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. കിഫ്ബി പുനഃസംഘടന, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ എന്നിവയും ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും. ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |