
കണ്ണൂർ : മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പ്രായം കൂടുന്തോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണെന്ന് ജയരാജൻ പറഞ്ഞു. പിണറായി പവർഫുൾ ആണ്. ഈ പ്രായത്തിലും അദ്ദേഹം ചെയ്യുന്ന കർമ്മങ്ങളെക്കുറിച്ച് ആലോചിച്ച് നോക്കൂ. പവർഫുൾ ലീഡർഷിപ്പാണിത്. പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല, ആരും വിമർശനങ്ങൾക്ക് അതീതരല്ല. എന്നാൽ വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയെന്നു പറയുന്നത് ഒരാളല്ല. പാർട്ടിക്ക് കൂട്ടായ നേതൃത്വമാണുള്ളത്. അതിൽ പിണറായി വിജയന്റെ കഴിവും പ്രാപ്തിയും അനുഭവങ്ങളും അമൂല്യ സമ്പത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പി.ബിയിൽ നടന്നുവെന്ന് പറയുന്നത് മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങൾ മാനസിക സങ്കല്പത്തിലെത്തി റിപ്പോർട്ട് ചെയ്യുകയാണെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഇടത് സർക്കാർ നടപ്പാക്കിയത്. അത്തരത്തിലൊരു സർക്കാർ ജനവിധിയിൽ പരാജയപ്പെടുമെന്ന് വിശ്വസിക്കാൻ നിർവാഹമില്ലാത്തതാണ്. പക്ഷേ പരാജയപ്പെട്ടു. അത് സംബന്ധിച്ച് പാർട്ടി വളരെ സമഗ്രമായ പരിശോധന നടത്തും. എന്തുകൊണ്ട് തോൽവിയുണ്ടായെന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും നടപടികളും സ്വീകരിക്കും. അങ്ങനെ തിളക്കമുള്ള ഒരു പാർട്ടിയാക്കി മാറ്റുക എന്നതാണ് ഇന്ന് സി.പി.എമ്മിന്റെ മുന്നിലുള്ള ലക്ഷ്യമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |