
തിരുവനന്തപുരം:പി.എം.ശ്രീ ഒപ്പുവെച്ച സി.പി.എം.സർക്കാർ ആർ.എസ്.എസിന് മുന്നിൽ കീഴടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ, അത് കേന്ദ്രത്തിൽ നിന്ന് 1500കോടി വാങ്ങിയെടുക്കാൻ മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ബഡ്ജറ്റ് ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വാഗ്വാദം നടത്തിയത്.
മുഖ്യമന്ത്രി:പിൻവലിക്കാൻ വേണ്ടിയാണോ പി.എം.ശ്രീയിൽ ഒപ്പുവെച്ചത്, മരവിപ്പിക്കാൻ വേണ്ടിയിട്ടാണോ ഒപ്പുവെച്ചത്?
പിണറായിവിജയൻ: ഇപ്പോഴും കേരളത്തിൽ പി.എം.ശ്രീ നടപ്പായിട്ടില്ല. നടപ്പാകാതിരിക്കുന്നത് ഈ പറഞ്ഞ മരവിപ്പിക്കൽ കാരണമാണ്. എന്തിനാണ് നിങ്ങൾ ഇപ്പോൾ അതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്?
മുഖ്യമന്ത്രി:എന്തിനാണ് ഒപ്പുവെച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.മരവിപ്പിച്ചു എന്നാണ് പറഞ്ഞത്. മരവിപ്പിക്കാൻ വ്യവസ്ഥ ഇല്ല.കേരളം നടപ്പിലാക്കില്ല എന്നൊരു കത്തു കൊടുത്തോ? കൊടുത്തില്ല,
പിണറായിവിജയൻ: നമുക്ക് സംവാദമാകാം, അതിൽ പ്രശ്നമില്ല. എന്തിനാണ് ഒപ്പുവെച്ചതെന്നാണല്ലോ ചോദിക്കുന്നത്. സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് തടഞ്ഞുവെച്ചത് 1500 കോടിയിലധികം രൂപയായിരുന്നു. എൻ.ഇ.പിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പി.എം.ശ്രീയുടെ ഭാഗമായിട്ടൊന്നും നടപ്പാക്കാനുമില്ല. പക്ഷേ സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് കിട്ടണമായിരുന്നു. സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് കിട്ടാതിരുന്നാൽ നാം പ്രയാസത്തിലാവും. ആ പ്രയാസം കേരളത്തെ ആകെ ബാധിക്കുന്നതാണ്. അതൊഴിവാക്കുന്നതിനാണ് ഒപ്പുവെച്ച് പണം വാങ്ങാനുള്ള ശ്രമം നടത്തിയിരുന്നത്. പക്ഷേ, ആ ശ്രമം ശരിയല്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. അത് മരവിപ്പിച്ചു. എട്ടു മാസമായി നടപ്പായിട്ടില്ല. എന്തിനാണ് നിങ്ങൾ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്?
മുഖ്യമന്ത്രി:രണ്ട് ചോദ്യത്തിനും മറുപടിയില്ല. അതായത് എന്തിന് ഒപ്പുവെച്ചു എന്ന് പറഞ്ഞാൽ പണം കിട്ടാൻ വേണ്ടിയിട്ട് ഒപ്പുവെച്ചു. അപ്പോൾ, പ്രത്യയശാസ്ത്രപരമായ നയപരമായ തീരുമാനത്തെ, ആർ.എസ്.എസ്. വിഷസർപ്പമാണ് എന്ന് പറഞ്ഞ തീരുമാനത്തിനുമുമ്പിൽ കീഴടങ്ങി ഒപ്പുവെച്ചു. എന്റെ രണ്ടാമത്തെ ചോദ്യം, എന്തുകൊണ്ട് നടപ്പാക്കില്ല എന്ന് പറഞ്ഞ് കത്തു കൊടുത്തില്ല എന്നാണ്.നിങ്ങൾ ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങളും ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങൾ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ വെച്ചു. ആ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ വെച്ചിട്ട്, ഞങ്ങൾ തീരുമാനമെടുക്കും, കരിക്കുലം ഫ്രീഡത്തിൽ തൊടാൻ സമ്മതിക്കില്ല. സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് സർക്കാർ ആയിരിക്കും.
പരസ്പരം കുറ്റപ്പെടുത്തി ഇരുപക്ഷവും
പി.എം ശ്രീയെച്ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ വാക്പോര്. വിദ്യാഭ്യാസ മന്ത്രി ആർ.എസ്.എസിന്റെ വിഷസർപ്പങ്ങൾക്ക് വിളക്കു വയ്ക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി.പ്രസാദ് ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ മരവിപ്പിച്ച പദ്ധതി പൊടി തട്ടിയെടുത്ത് മുന്നോട്ടുകൊണ്ടു പോകുന്ന മന്ത്രി എൻ.ഷംസുദ്ദീൻ പി.എം.ശ്രീയുടെ അംബാസഡറാവുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ വർഗ്ഗീയ അജൻഡയ്ക്ക് മുന്നിൽ സർക്കാർ തല കുനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും
ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
കേന്ദ്ര സർക്കാരിന് മാത്രം പിന്മാറാനാവുന്ന ധാരണാപത്രമാണ് പിണറായി സർക്കാർ ഇരുട്ടിന്റെ മറവിൽ ഒപ്പിട്ടതെന്നും, കരാർ വ്യവസ്ഥ നിശ്ചയിക്കുന്നത് കേന്ദ്രമാണെന്നും മന്ത്രി എൻ.ഷംസുദ്ദീൻ വ്യക്തമാക്കി.. കരാർ റദ്ദാക്കണമെന്നല്ല, നീട്ടിവയ്ക്കണമെന്നാണ് പിന്നീട് കത്തെഴുതിയത്. സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കിക്കഴിഞ്ഞു. ഹയർ സെക്കൻഡറിയിൽ 12 വിഷയങ്ങൾ എൻ.സി.ഇ.ആർ.ടി സിലബസിലേതാണ്. സംസ്ഥാന താത്പര്യം സംരക്ഷിച്ചും, സംഘപരിവാർ അജൻഡകൾക്ക് കീഴടങ്ങാതെയും പി.എം-ശ്രീയിൽ തീരുമാനമെടുക്കും. പി.എംശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മേയ്8ന് കേന്ദ്രം വീണ്ടും കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.എം.ശ്രീയിൽ സർക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങലാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ അറബിക്കടലിലെറിയുമെന്ന് വീരവാദം മുഴക്കിയവർ ഒരു മാസത്തിനകം പദ്ധതിയുടെ വക്താക്കളായി. . ധാരണാപത്രം ഒപ്പിട്ടതു കൊണ്ട് മാത്രം പദ്ധതി നടപ്പാവില്ല. പി.എം. ശ്രീയിൽ നിന്ന് ഒരു പൈസയും വാങ്ങിയിട്ടില്ല. ഇതിന്റെ പേരിൽ 1158 കോടിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചു. പി.എം.ശ്രീ നടപ്പാക്കാൻ സർക്കാർ രഹസ്യമായി കരുക്കൾ നീക്കുകയാണെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |