
തിരുവനന്തപുരം: സി.പി.എമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണെന്നും തോറ്റെന്ന് ബോദ്ധ്യപ്പെടുത്താനാണ് പ്രയാസമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30 മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബി.ജെ.പി ഡീൽ ഉണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്നത്തെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും രൂക്ഷമായി വിമർശിക്കുകയാണ് ജില്ലാനേതൃയോഗങ്ങളിൽ ഉണ്ടായത്. അതു മറയ്ക്കാനാണ് യു.ഡി.എഫിനെതിരെ ആരോപണമുന്നയിക്കുന്നത്. ബി.ജെ.പി വിജയിച്ച ചാത്തന്നൂരിൽ 11,000 വോട്ടും കഴക്കൂട്ടത്ത് 17,000വോട്ടും എൽ.ഡി.എഫിന് കുറഞ്ഞു. അതാണ് ഡീൽ. സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ മത്സരിച്ച സീറ്റുകൾ വെള്ളിത്താലത്തിൽ ബി.ജെ.പിക്ക് നൽകി. പാർട്ടി യോഗങ്ങളിൽ കഴിഞ്ഞ സർക്കാരിന്റെ മതേതരമല്ലാത്ത നിലപാടുകൾ അണികളും നേതാക്കളും രൂക്ഷമായി ചോദ്യം ചെയ്തു. ഇതിൽ കുറേ കാര്യങ്ങൾ ഇപ്പോൾ സമ്മതിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുന്നില്ല. ഡോ.ബി.അശോകിനെതിരായ നടപടി പിൻവലിച്ച് തിരിച്ചെടുത്തു. അച്ചടക്ക നടപടികൾ നിലനിറുത്തിക്കൊണ്ടാണ് തിരിച്ചെടുത്തത്. ഐ.എ.എസുകാരുടെ എണ്ണം തീരെ കുറവാണ്. നിരവധി പേർ ഡൽഹിയിലേക്ക് പോയി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയവർ തിരിച്ചുവരാൻ മടിക്കുന്നു. ഏറെ പ്രയാസപ്പെട്ടാണ് സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി നിയമനങ്ങൾ നടത്തുന്നത്.
മാദ്ധ്യമവിലക്ക് നീക്കും
സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ 2018 നവംബറിലെ സർക്കുലർ ഇപ്പോഴും നിലനിൽക്കുകയാണെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു. മാദ്ധ്യമവിലക്കിന് യു.ഡി.എഫ് എതിരാണ്. പഴയ സർക്കുലർ മാറ്റാൻ പുതിയ ഉത്തരവ് വേണം. ബഡ്ജറ്റ് തയ്യാറാക്കൽ അടക്കം തിരക്കുകളുള്ളതിനാലാണ് ഇത് വൈകുന്നത്. മുഴുവൻ സമയവും അടച്ചിട്ടിരുന്ന സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നിരുന്നു. എന്നാൽ, ജാഥയോ സമരമോ വന്നാൽ അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |