SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

സർക്കാർ കനിഞ്ഞില്ലെങ്കിൽ ഡിജിറ്റൽ റീസർവെ നിലയ്ക്കും

survey

തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ആഘോഷപൂർവം തുടങ്ങിയ ഡിജിറ്റൽ റീസർവെ ജോലികൾക്ക് നിയമിച്ച 4700 ഓളം കരാർ ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല.

മാർച്ച് പകുതി വരെയുള്ള പാർട്ട് ബിൽ പാസാക്കിയ കേന്ദ്രങ്ങളിലെ പകുതി ശമ്പളം ലഭിച്ചെങ്കിലും ഭൂരിപക്ഷത്തിനും മൂന്നുമാസത്തെ വേതനം നൽകിയിട്ടില്ല.

ഇവരുടെ ശമ്പളം, താത്കാലിക ഓഫീസുകളുടെയും വാഹനങ്ങളുടെയും വാടക എന്നിവയ്ക്കായി ഒരു മാസം എട്ട് കോടിയോളമാണ് വേണ്ടത്. 25 കോടിയോളമാണ് ഈ ഇനത്തിൽ ഇപ്പോൾ കുടിശിക.

ആദ്യഘട്ടത്തിന് സാമ്പത്തിക സഹായം നൽകിയ റീബിൽ‌ഡ് കേരള ഇനിഷ്യേറ്റീവ് മാർച്ച് 31 ന് അവരുടെ സഹായം അവസാനിപ്പിച്ചു. ബഡ്ജറ്റിൽ പണം നീക്കിവച്ചിരുന്നുമില്ല. അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് 133 കോടി രൂപ വേണം. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പ്ളാൻ പുതുക്കി ഈ തുക കൂടി ഉൾപ്പെടുത്താനാണ് പുതിയ സർക്കാരിന്റെ നിർദ്ദേശം.

ഭൂമി സംബന്ധമായ എല്ലാ രേഖകളും ഡിജിറ്റലാക്കുകയും ഭൂ വിസ്തൃതിക്ക് ആധികാരിക രേഖ തയ്യാറാക്കുകയുമായിരുന്നു ലക്ഷ്യം. 2022 നവംബർ ഒന്നിന് തുടങ്ങി നാല് വർഷം കൊണ്ട് 1555 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ നടപ്പാക്കാനായിരുന്നു പദ്ധതി. 858.42 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘട്ടമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്ന് 438.46 കോടി രൂപ അനുവദിച്ചു. 588 വില്ലേജുകളിലാണ് ഫീൽഡ് സർവെ തുടങ്ങിയത്. 365 വില്ലേജുകളിൽ പൂർത്തിയാക്കി. 203 വില്ലേജുകളിൽ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം ( അന്തിമ വിജ്ഞാപനം) പ്രസിദ്ധീകരിച്ചു. 162 വില്ലേജുകളിൽ ഇതിന് തൊട്ടു മുമ്പുള്ള 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. 223 വില്ലേജുകളിൽ സർവെ പുരോഗമിക്കുകയാണ്.

കരാർ നിയമനങ്ങൾ

3200

ഹെൽപ്പർമാർ

1500

സർവെയർമാർ

``പദ്ധതി നിർത്തില്ല. എങ്ങനെ ഫണ്ട് കണ്ടെത്തണമെന്നത് ആലോചിച്ച് തീരുമാനിക്കും.``

റവന്യൂമന്ത്രിയുടെ ഓഫീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA