SignIn
Kerala Kaumudi Online
Saturday, 25 April 2026 4.49 PM IST

കുട്ടനാട്ടിലെ നെല്ല് പാടത്ത് തന്നെ

Increase Font Size Decrease Font Size Print Page
anil

ആലപ്പുഴ: പുഞ്ച നെല്ല് സംഭരണത്തിൽ സപ്ളൈകോയും മില്ലുകാരും കർഷകർക്ക് നൽകിയ ഉറപ്പ് പാഴായി. മുഖ്യമന്ത്രിയും സപ്ളൈകോ എം.ഡിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ നൽകിയ വാക്കാണ് വെറുതെയായത്. അടുത്തദിവസം തന്നെ പാടങ്ങളിൽ നെല്ല് സംഭരിക്കാനുള്ള ചാക്കുകളെത്തിക്കുമെന്നും ഉടൻ നെല്ല് കയറ്റിപോകുമെന്നുമായിരുന്നു ബുധനാഴ്ച കർഷകർക്ക് നൽകിയ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകർ കഴിഞ്ഞ രണ്ട് ദിവസമായി പാടങ്ങളിൽ മില്ലുകാരെ പ്രതീക്ഷിച്ചെങ്കിലും ഒന്നോ രണ്ടോ മില്ലുകാരൊഴികെ ആരും എത്തിയില്ല. വേനൽ മഴഭീഷണിയും മില്ലുകാരുടെ നിസഹകരണവും കൂടിയായതോടെ കർഷകരെ വീണ്ടും ആശങ്കയിലായി.

പുഞ്ചക്കൊയ്ത്തിന്റെ തുടക്കത്തിൽ സംഭരിച്ച നെല്ലിന്റെ വിലവിതരണം ഫണ്ട് തീർന്നതിനാൽ എസ്.ബി.ഐ ഇന്നലെ അവസാനിപ്പിക്കുക കൂടി ചെയ്തതോടെ ഈസ്റ്ററും വിഷവും ഉൾപ്പെടെ ആഘോഷങ്ങൾക്ക് പണമില്ലാതെ വിഷമത്തിലാണ് കുടുംബങ്ങൾ.

ഇലക്ഷൻ വിജ്ഞാപനം നിലനിൽക്കുന്നതിനാൽ സംഭരണകാര്യത്തിൽ സർക്കാരിനോ,​ ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിക്കോ ഒരുപരിധിയ്ക്കപ്പുറം ഇടപെടൽ സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ്.

നീലമ്പേരൂർ കൃഷി ഭവൻ പരിധിയിൽ 360 ഏക്കറോളം വരുന്ന വാലടി പാടത്ത് 30 ലോഡോളം നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും മില്ലുകാർ തിരിഞ്ഞുനോക്കിയിട്ടില്ല. 31 ഓളം പാടശേഖരങ്ങളിലായി കൃഷി ചെയ്യുന്ന 200 ലധികം ചെറുകിട - നാമമാത്ര കർഷകർ മില്ലുകാരെ കാത്ത് പാടത്തുകഴിയുകയാണ്. വാലടി ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം 50 കെട്ട് ചാക്കെത്തിച്ചതല്ലാതെ സംഭരണത്തിനാവശ്യമായ നടപടികളൊന്നും ആരംഭിച്ചില്ല. ഇതുകൂടാതെ 40,000 ടൺ നെല്ലാണ് വിവിധ പാടങ്ങളിൽ സംഭരണം മുടങ്ങിക്കിടക്കുന്നത്.

വാക്ക് പാലിക്കാതെ മില്ലുകൾ

1.നെടുമുടി കൃഷി ഭവൻ പരിധിയിലെ 28 ഏക്കറോളം വരുന്ന മണപ്ര വടക്ക് പാടത്തെ 20 ഏക്കറിൽ കൃഷിയിറക്കാൻ ആറുലക്ഷത്തോളം രൂപയാണ് അനിലിന് ചെലവായത്. നെല്ല് സംഭരിക്കാമെന്നേറ്റ മില്ലുകാരൻ 7കിലോ കിഴിവിന് പകരം ആവശ്യപ്പെട്ടത് 10 കിലോ

2.ഗത്യന്തരമില്ലാതെ സമ്മതിച്ചപ്പോൾ സ്വന്തം കീശയിൽ നിന്ന് പണം മുടക്കി ചാക്കുവാങ്ങി നെല്ല് നിറച്ച് തൂക്കി ലോറിയിലെത്തിച്ചാൽ സംഭരിക്കാമെന്ന നിലപാടിലായി മില്ലുകാരൻ. ചാക്കൊന്നിന് 10 രൂപ വീതം 300 ചാക്കിന് 3000 രൂപവേണം

3.നിറയ്ക്കുന്നതിന് ക്വിന്റലിന് 45 രൂപയും ലോഡിംഗിന് 140 രൂപയും വേബ്രിഡ്ജിലെ തൂക്കക്കൂലിയും കൂടി നൽകിയാൽ നെല്ലേറ്റെടുക്കാമെന്ന മില്ലുകാരുടെ ഔദാര്യം കൂടികേട്ടപ്പോൾ ആകെ തളർന്നുപോയി.എന്ത് ചെയ്യണമെന്ന് അറിയാത്ത നിസഹായതയിലാണ് അനിൽകുമാർ

പ്രതീക്ഷിക്കുന്ന വിളവ് ........1,31,050.29 മെ.ടൺ​

കൊയ്‌തത് ...........................65,449.18 മെ.ടൺ​

സംഭരിച്ചത്.............................23,795 ടൺ

കൊയ്ത്ത് ശതമാനം................. 49.06

മില്ലുകാരും പാ‌ഡി വിഭാഗം ഉദ്യോഗസ്ഥരും ചർച്ചയിൽ ഉറപ്പ് നൽകിയ കാര്യങ്ങൾ പാലിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പൊലിയുമായി ആലപ്പുഴ ചങ്ങനാശേരി റോഡിലും ആലപ്പുഴ കളക്ട്രേറ്റ് പടിക്കലും സമരം നടത്തും.

- നെൽകർഷക കൂട്ടായ്മ,​ കുട്ടനാട്.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.