
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ ക്യൂ നിൽക്കുന്നത് മുതൽ വോട്ട് രേഖപ്പെടുത്തും വരെ വോട്ടർമാരറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
എന്നുനോക്കാം.
സമ്മതിദായകർ പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ ആദ്യത്തെ ഓഫീസർ വോട്ടർ പട്ടികയിലെ പേരും തിരിച്ചറിയൽ രേഖയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് ആദ്യഘട്ടം. തുടർന്ന് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നൽകും. ഈ ഘട്ടത്തിൽ വോട്ടർ രജിസ്റ്ററിൽ ഒപ്പിടണം.
അടുത്ത ഓഫീസർ വോട്ടറിൽ നിന്ന് സ്ലിപ്പ് സ്വീകരിക്കുകയും വിരലിലെ മഷി അടയാളം ഒരിക്കൽ കൂടി പരിശോധിക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം.
വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ച് വോട്ടർക്ക് തങ്ങൾ താൽപ്പര്യപ്പെടുന്ന സ്ഥാനാർത്ഥിക്കോ 'നോട്ട'ക്കോ വോട്ട് രേഖപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയുകയും 'ബീപ്' ശബ്ദം കേൾക്കുകയും ചെയ്യുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പിക്കാം.
സ്ഥാനാർത്ഥികളിൽ ആരെയും താൽപ്പര്യമില്ലാത്തവർക്കായി 'ഇവരിലാരുമല്ല' (നോട്ട) എന്ന ഓപ്ഷൻ മെഷീന്റെ ഏറ്റവും താഴെ ലഭ്യമാണ്.
മൊബൈൽ പുറത്ത്
എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനകത്തേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |