
ആലപ്പുഴ: വേനൽ മഴ പ്രതീക്ഷിച്ച നിലയിൽ കിട്ടാതെ വന്നതോടെ, ജില്ലയിൽ കുടിവെളള ക്ഷാമം രൂക്ഷമായി. കിണറുകളും ജലാശയങ്ങളും വറ്രിയതോടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും വെളളം മതിയാകാത്ത സ്ഥിതിയാണ്. 209 ദശലക്ഷം ലിറ്റർ വെളളമാണ് വാട്ടർ അതോറിട്ടി ജില്ലയിൽ വിതരണം ചെയ്യേണ്ടത്. എന്നാൽ, കഷ്ടിച്ച് 158 എം.എൽ.ഡി വെള്ളം മാത്രമാണ് വിതരണം ചെയ്യാൻ കഴിയുന്നുള്ളൂ. 51ദശലക്ഷം ലിറ്ററിന്റെ കുറവിന് യാതൊരു പരിഹാരവും ജല അതോറിട്ടിയുടെ പക്കലില്ല.
കരുമാടി, മാക്കേക്കടവ് വാട്ടർ ട്രീറ്റ് മെന്റ് പ്ളാന്റുകളിൽ നിന്നുള്ള വെള്ളമാണ് ആലപ്പുഴ,കുട്ടനാട്, ചേർത്തല ഡിവിഷനുകളിൽ വിതരണം ചെയ്യുന്നത്. കായംകുളം, ഹരിപ്പാട്, മാവേലിക്കര , ചെങ്ങന്നൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന കായംകുളം ഡിവിഷനിൽ 7 കുടിവെള്ള വിതരണ പദ്ധതികൾക്കൊപ്പം 110 ഓളം കുഴൽക്കിണറുകളുമാണ് ആശ്രയം. ഒരു കുഴൽക്കിണറിൽ നിന്ന് പരമാവധി 3ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിന പമ്പിംഗ്. എന്നാൽ, വരൾച്ച കടുത്തതോടെ ഭൂഗർഭ ജലനിരപ്പ് താഴ്ന്നതും വോൾട്ടേജ് ക്ഷാമവും വൈദ്യുതി നിയന്ത്രണവും കുഴൽകിണറുകളെ ആശ്രയിച്ചുളള ജല വിതരണത്തെ ബാധിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ ടാങ്കറുകളിൽ ജല വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും അതും ഫലപ്രദമല്ല. കുടിക്കാനും കുളിക്കാനും മാത്രമുള്ള വെള്ളമാണ് ടാങ്കറുകളിൽ എത്തുന്നത്. കൃഷിക്കോ, കന്നുകാലികളെ കുളിപ്പിക്കാനോ ഇത് ഉപയോഗിക്കാൻ കഴിയില്ല. ഇത് ക്ഷീരകർഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
പൈപ്പുപൊട്ടൽ വ്യാപകം
1.കുടിവെള്ളം കിട്ടാക്കനിയായിരിക്കെ നഗരത്തിലും പുറത്തും ദേശീയ പാതയിലുൾപ്പെടെ ചെറുതും വലുതുമായി രണ്ട് ഡസനോളം സ്ഥലങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്. അമ്പലപ്പുഴ താലൂക്കിലാണ് ഏറ്രവുമധികം പൈപ്പ് പൊട്ടൽ
2.അമ്പലപ്പുഴ താലൂക്കിൽ 22 സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പ്രദേശങ്ങളിലാണ് പൈപ്പ് പൊട്ടലിനെ തുടർന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇത്തരത്തിൽ പാഴാകുന്നത്
3. ദേശീയപാത നിർമ്മാണ സ്ഥലങ്ങളിൽ പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി ചെയ്യേണ്ടത് ദേശീയപാത അതോറിട്ടിയാണ്. എന്നാൽ കരാർ കമ്പനിയോ,ദേശീയപാത അതോറിട്ടിയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല
4.അതേസമയം, കുടിവെള്ള ക്ഷാമവും പൈപ്പ് പൊട്ടലും രൂക്ഷമായതോടെ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ലീക്കേജുകൾ പരിഹരിക്കാനും ദുരുപയോഗം തടയാനും തീരുമാനിച്ചിട്ടുണ്ട്
പ്രതിദിന ജല ഉപഭോഗം
(വേണ്ടത്, ലഭിക്കുന്നത്
ദശലക്ഷം ലിറ്ററിൽ )
ആലപ്പുഴ: 62 ........40
ചേർത്തല:107......86
കായംകുളം: 40....32
ആകെ: 209.........158
വെള്ളത്തിന്റെ ദുരുപയോഗം പരമാവധി കുറയ്ക്കുകയാണ് പരിഹാരം. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളം വാഹനം കഴുകാനോ, കന്നുകാലികളെ കുളിപ്പിക്കാനോ ഉപയോഗിക്കരുത്. മഴ വൈകിയാൽ ക്ഷാമം രൂക്ഷമാകും
- എക്സി.എൻജിനിയർ, വാട്ടർ അതോറിട്ടി, ആലപ്പുഴ
പൈപ്പ് പൊട്ടൽ പരിഹരിച്ചാൽ തന്നെ ജലവിതരണം കാര്യക്ഷമാക്കാൻ കഴിയും. അതിന് തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം
- എ.ആർ കണ്ണൻ, ജില്ലാ പഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |