
ആലപ്പുഴ: കായംകുളത്തും കുട്ടനാട്ടും പാമ്പുകടി മരണമുണ്ടായിട്ടും ജില്ലയിലെ പാതയോരങ്ങളും കാനകളും കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളായി തുടരുകയാണ്. ദേശീയപാതയും ഗ്രാമീണറോഡുകളും ഉൾപ്പടെയുള്ളവയുടെ
വശങ്ങൾ പാഴ്ച്ചെടികൾ വളർന്ന് മാലിന്യം വലിച്ചെറിയൽ കേന്ദ്രങ്ങളായി മാറിയതോടെയാണ് ഇഴജന്തുക്കളുടെ താവളമായി മാറിയത്.
ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെ ഉപേക്ഷിക്കുന്നതിനാൽ എലിയും തവളയുമടക്കമുള്ള ജീവികൾ എത്തുകയും ഇവയെ പിടികൂടാൻ പാമ്പുകൾ തമ്പടിക്കുകയും ചെയ്‌തതോടെയാണ് വഴിവക്കുകൾ ഭീഷണിയായത്. ദേശീയ പാത നിർമ്മാണത്തിനായെത്തിച്ച മണ്ണിനൊപ്പം പെരുമ്പാമ്പുകൾ ഉൾപ്പടെ ഇവിടെ എത്തിയിട്ടുണ്ട്.
നൂറനാട്, കുട്ടനാട്, ഹരിപ്പാട് , കായംകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ഇഴജന്തുശല്യമുള്ളത്. കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ പാമ്പുകൾ ഉൾപ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ട്. ചൂട് കൂടിയതോടെ തണലും തണുപ്പുമുള്ള വീട്ട് പരിസരങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്.
കുളിമുറിയിൽ നിന്ന് പാമ്പിന്റെ കടിയേറ്റാണ് കഴിഞ്ഞദിവസം വൈശ്യഭാഗം സ്വദേശി ഇന്ദിര മരിച്ചത്.
കാലവർഷത്തിനും ഓണം പോലുള്ള ആഘോഷങ്ങൾക്കും മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരത്തുവക്കുകൾ മുമ്പ് വൃത്തിയാക്കിയിരുന്നു. എന്നാൽ, തൊഴിലുറപ്പ് ജോലികളിൽ നിന്ന് ഇവ ഒഴിവാക്കിയതോടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയായി.
ആക്രിക്കടകൾ ഭീഷണി
1.ഹരിത കർമ്മസേനയുടെ പ്ളാസ്റ്റിക്ക് സംഭരണശാലകളുൾപ്പെടെ ജില്ലയിലെ ആക്രിവ്യാപാര കേന്ദ്രങ്ങൾ പാമ്പുകളുടെ വിഹാര കേന്ദ്രങ്ങളാണ്. യാതൊരുമറയുമില്ലാതെ റോഡിലേക്ക് ഇറക്കിയിട്ടിരിക്കും വിധത്തിലാണ് ആക്രി സാധനങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നത്
2.കായംകുളത്ത് സെലീനയെന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവ സ്ഥലത്തിന് തൊട്ടടുത്തുള്ള ആക്രിക്കച്ചവടകേന്ദ്രം ഇഴജന്തുക്കളുടെ താവളമാണ്. പെയിന്റുകളുടെയും ഓയിലുകളുടെയും ടിന്നുകൾ, പഴയ ഫ്രിഡ്ജുകൾ, എ.സിഎന്നിവയെല്ലാം ആക്രിക്കടയിൽ ചിതറികിടക്കുന്ന കൂട്ടത്തിലുണ്ട്
3. ആളനക്കമില്ലാത്ത ഇടങ്ങളാണ് മൂർഖനും ശംഖുവരയനും അണലിയുമുൾപ്പെടെ തീവ്രവിഷമുള്ള പാമ്പുകളുടെ താവളം. നിയമപരമായും അല്ലാതെയുമുള്ള ചെറുതും വലുതുമായ 500 ലധികം ആക്രികച്ചവട കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ലാഭംകൂട്ടാൻ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളാണ് അഗ്നി ബാധയ്ക്കും പാമ്പു വിഷഭീതിക്കും കാരണം
ജനവാസമേഖലകളിൽ പ്രവർത്തിക്കുന്ന ആക്രിക്കച്ചവട കേന്ദ്രങ്ങളിൽ അഗ്നിശമന സംവിധാനമുൾപ്പെടെയുള്ള സുരക്ഷാപ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഫയർഫോഴ്സും പൊലീസും ഉറപ്പ് വരുത്തണം. നിയമവിധേയമല്ലാത്തവ അടച്ചുപൂട്ടണം
- പബ്ളിക്ക് സൊസൈറ്റി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |