
ആലപ്പുഴ: കടുത്ത വരൾച്ചയിൽ വെള്ളം വറ്റി ചെളി തെളിഞ്ഞ ജലാശയങ്ങളിലേക്ക് തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വെള്ളമെത്തിയെങ്കിലും കുട്ടനാട്ടുകാർക്ക് ഗുണമില്ല. ഉപ്പുവെള്ളം കയറിയതോടെ പോള ചീഞ്ഞു.വെള്ളത്തിന് പച്ച നിറമായി. പ്രാണികളും ഇഴജന്തുക്കളും നിറഞ്ഞ ജലാശയങ്ങളിൽ നിന്ന് കടുത്ത ദുർഗന്ധവും വമിക്കാൻ തുടങ്ങിയതോടെ ഉപയോഗയോഗ്യമല്ലാതായി. കുട്ടനാട്ടിൽ
ശുദ്ധജല ക്ഷാമം എല്ലാക്കാലവും ഒരുപ്രശ്‌നം തന്നെയാണ്. ചുറ്റിലും വെള്ളമാണെങ്കിലും കുടിവെള്ളമില്ലെന്നതാണ് അവരുടെ ദുര്യോഗം.
മാസങ്ങളായി ജലം വിലയ്ക്ക് വാങ്ങുകയാണ്. ആയിരം ലിറ്റർ വെള്ളം ആയിരം രൂപയ്ക്ക് വാങ്ങി ടാങ്കിൽ അടിച്ചിടുന്നതാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും ആശ്രയം. ജലാശയങ്ങളിലെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയായതിനാൽ വിലകൊടുത്ത് വാങ്ങുന്ന വെള്ളമാണ് കുളിക്കാനും അലക്കാനും മാത്രമല്ല, ടോയ്ലറ്റിലേക്ക് പോലും ഉപയോഗിക്കുന്നത്. വിലയ്ക്ക് വാങ്ങുന്ന വെള്ളം ടോയ്ലറ്റിൽ ഫ്ലഷ് ചെയ്തു കളയേണ്ടി വരുന്നതിൽ വലിയ വിഷമമുണ്ടെന്ന് വീട്ടമ്മമാർ പറയുന്നു.
കൈനകരിയിലും അപ്പർ കുട്ടനാട്ടിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്. വീടിന് മുന്നിലെ കായലിൽ നോക്കെത്താ ദൂരത്തോളം വെള്ളമുണ്ട്. പക്ഷേ കുളിക്കാനോ, പാത്രമോ തുണിയോ കഴുകാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. അത്രയ്ക്ക് മാലിനമാണ് വെള്ളം. ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്നതിന് ഒരു കുറവും വന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പദ്ധതികൾ യാഥാർത്ഥ്യമായില്ല
1.കുട്ടനാട്ടിലെ കുടിവെള്ള പദ്ധതികളിൽ പലതും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ ദ്രവിച്ച് നാശമായി, പ്രദേശം കാടുമൂടി
2.കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകൾക്കായി കിഫ്ബി ധനസഹായത്തോടെ ആവിഷ്ക്കരിച്ച കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം.എൽ.ഡി പ്ലാന്റ് നിർമ്മാണവും എങ്ങുമെത്തിയില്ല
3.കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള സംസ്കരണ പ്ലാന്റാണ് നാട്ടുകാരുടെ പ്രതീക്ഷ. പ്ലാന്റിന്റെ 70 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. നെടുമുടി പഞ്ചായത്ത് കല്ലൂർക്കാട് ബസിലിക്ക പള്ളിക്ക് സമീപം കുഴൽക്കിണറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്
കുടിക്കാനും പാചകംചെയ്യാനും പോലും വെള്ളം തികയാത്ത അവസ്ഥയാണ്. ഈ ചൂട് കാലാവസ്ഥയിൽ പോലും എല്ലാ ദിവസവും കുളിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയുണ്ട്
- ലേഖ, വീട്ടമ്മ, കൈനകരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |