
മുഹമ്മ: നല്ല കായ്ഫലവും മണ്ടക്കനവുമുള്ള തെങ്ങ് പെട്ടെന്ന് ഒരുദിവസം
കടപുഴകി വീണു. കർഷകൻ അന്തംവിട്ട് നോക്കുമ്പോൾ ചുവടാകെ ചിതലരിച്ചതുപോലെ. കൂടുതൽ പരിശോധനയിൽ വില്ലനെ പിടികിട്ടി,
കൊമ്പൻ ചെല്ലി. കരുത്തും കായ്ഫലവുമുള്ള തെങ്ങുകളെ ആക്രമിച്ച്
തറപറ്റിക്കുന്നതിൽ മിടക്കനാണ് ചെമ്പൻചെല്ലി. ഷഡ്പദങ്ങളുടെ ഗണത്തിൽപ്പെട്ട ഇവ രണ്ട് തരത്തിലുണ്ട്, കൊമ്പൻ ചെല്ലിയും ചെമ്പൻചെല്ലിയും. ഇതിൽ ചെമ്പൻചെല്ലിയാണ് ഏറ്റവും അപകടകാരി. തെങ്ങുകളുടെ നിശബ്ദ കൊലയാളി. നല്ല കായ്ഫലമുള്ള തെങ്ങുകളെയാണ് ഇവ തിരഞ്ഞുപിടിച്ച് ആക്രമിച്ച് നശിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ കർഷകന്റെ പേടി സ്വപ്‌നമാണ് ഈ കുഞ്ഞൻ പ്രാണി.
തരം ഏതായാലും ചെല്ലികളെല്ലാം അപകടകാരികളാണ്. രണ്ടും തെങ്ങിന്റെ ചുവട് ഭാഗത്തെയാണ് പ്രധാനമായി ആക്രമിക്കുന്നത്. ചെമ്പൻ ചെല്ലികൾ ചോട്ടിൽ തുളയുണ്ടാക്കി തെങ്ങിന്റെ അകത്തുകയറും. തുടർന്ന് മധുരമുള്ള നീര് ഊറ്റിക്കുടിക്കും. അകഭാഗം മുഴുവൻ തിന്നുനശിപ്പിക്കും. മുട്ടയിട്ട് പെരുകി തടി ഉൾപ്പെടെയും തിന്നുതീർക്കും, തെങ്ങിനെ മറിച്ചിടും. എന്നാൽ ചെമ്പൻ ചെല്ലികൾ ഉണ്ടാക്കുന്ന ദ്വാരത്തിലൂടെ അകത്തുകടന്നാണ് കൊമ്പൻ ചെല്ലികളുടെ ആക്രമണം. തെങ്ങിന്റെ പുറത്ത് കാര്യമായ ഒരു രോഗലക്ഷണവും കാണാറുമില്ല, കർഷകർ അറിയാറുമില്ല. ചെറിയ കാറ്റിൽ തെങ്ങ് നിലം പൊത്തും. അപ്പോഴാണ് തെങ്ങിന്റെ ചവിട്ടിലെ ഗുഹപോലെയുള്ള ദ്വാരവും അറക്കപ്പൊടി പോലുള്ള അവശിഷ്ടവും കർഷകൻ കാണുന്നത്.
പ്രതിവിധി ഇനിയും അകലെ
അത്യുത്‌പാദനശേഷി കൂടിയ കുറിയ ഇനം തെങ്ങുകളെയാണ് ചെല്ലികൾ കൂടുതലായി ആക്രമിക്കുന്നത്. തെങ്ങിൻ കൂമ്പിൽ ചെല്ലികളുടെ ആക്രമണം ഉണ്ടായാൽ കീടനാശിനി പ്രയോഗം കൊണ്ട് ഒരു പരിധിവരെ പിടിച്ചുനിൽക്കാനാകും. ചുവട്ടിലാണ് ആക്രമണമെങ്കിൽ തിരിച്ചറിയാൻ കഴിയാതെ വരികയും തെങ്ങ് നശിച്ചുപോകുകയും ചെയ്യും.
ചെല്ലിക്കെണിയാണ് കൃഷി വകുപ്പ് പ്രധാനമായും ശുപാർശ ചെയ്യുന്നത്.
എന്നാൽ ഇത് ഫലപ്രദമല്ല. കർണാടകയിലെ ചില ജൈവ ലായനികൾ കലർത്തിയെടുത്ത് തെങ്ങിൽ ലേപനം ചെയ്യുന്നത് ഫല പ്രദമായി കണ്ടുവരുന്നു.എന്നാൽ, കേരളത്തിലെ പരമ്പരാഗത കർഷകർ ചരൽ മണ്ണോ, എം സാന്റോ വേപ്പിൻ പിണ്ണാക്കുമായി കലർത്തി തെങ്ങിന്റെ കവിളിലും ചുവട്ടിലും ഇട്ട് അടച്ചുവച്ച് പ്രതിരോധിക്കുകയാണ് പതിവ്.
തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ഗവേഷണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കാര്യമായ ഒരു പ്രതിവിധി കണ്ടെത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |