
തുറവൂ ർ: രണ്ടരമീറ്റർ ഉയരം. 4.175 കിലോഗ്രാം തൂക്കം. മഴയിൽ നിലംപതിച്ച ഈ 'സുന്ദരിച്ചീര' നാടിന്റെ ശ്രദ്ധയാകർഷിച്ചു. മൂന്നുമാസം മുമ്പ് നട്ട ചീര വിത്തെടുക്കാനായി നിലനിറുത്തിയതായിരുന്നു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ യുവകർഷകനായ അരുൺ കാരച്ചിറയുടെ കൃഷിയിടത്തിൽ വിളഞ്ഞ ചീര കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് നിലംപതിച്ചത്. കൗതുകത്താൽ തൂക്കവും നീളവും പരിശോധിച്ചപ്പോഴാണ് പ്രത്യേകത വ്യക്തമായത്. തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, അവരുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അളവെടുപ്പ് നടത്തുകയും ചെയ്തു. ഈ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോഡ്സിനെയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിനെയും അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അരുൺ. 'സുന്ദരി' ഇനത്തിൽപ്പെട്ട ചീര ഇത്രയും ഉയരത്തിലും തൂക്കത്തിലും കാണുന്നത് തങ്ങളുടെ അനുഭവത്തിൽ ആദ്യമായാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. ആർ. രജിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോത്സ്ന, കൃഷി ഓഫീസർ ലിറ്റി വർഗീസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സന്ദീപ് എന്നിവർ സ്ഥലത്തെത്തിയാണ് ചീരയുടെ തൂക്കവും നീളവും രേഖപ്പെടുത്തിയത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ സർവീസ് എഞ്ചിനീയറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അരുൺ, സംയോജിത കൃഷിയിലൂടെ ശ്രദ്ധേയനായ കർഷകനാണ്. അരുണിന്റെ കൃഷിയിടത്തിൽ വിവിധയിനം പച്ചക്കറികൾ, വാഴ എന്നിവയ്ക്ക് പുറമേ കോഴി, താറാവ്, പശു, ആട്, അലങ്കാര മത്സ്യങ്ങൾ എന്നിവയെയും വളർത്തുന്നുണ്ട്. പഞ്ചായത്തിലെ മികച്ച നെൽകർഷകനായും സംയോജിത കർഷകനായും ആദരിക്കപ്പെട്ടിട്ടുള്ള അരുൺ, ആത്മ ഫാം പ്ലാൻ ഉൾപ്പെടെ നിരവധി കാർഷിക പദ്ധതികളുടെ ഗുണഭോക്താവാണ്. താറാവിൻകൂട് വൃത്തിയാക്കുന്ന വെള്ളം ഫലപ്രദമായ സൂക്ഷ്മജീവികളുടെ ലായനി (ഇ.എം. സൊല്യൂഷൻ) ചേർത്ത് പുളിപ്പിച്ച് ദിവസേന പച്ചക്കറികൾക്ക് നൽകുന്ന രീതിയാണ് പിന്തുടരുന്നത്. പ്രധാനമായും ചീരയ്ക്ക് വളമായി ഉപയോഗിച്ചതും ഇതുതന്നെയാണ്. ഇടയ്ക്കിടെ വീട്ടിലെ നാടൻ പശുവിന്റെ ഗോമൂത്രവും തളിച്ചതായി അരുൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |