ആലപ്പുഴ: ചോദ്യപേപ്പർ ചോർച്ചക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ്-യു.ജി പുനഃപരീക്ഷയെഴുതിയത് 7,703പേർ. ജില്ലയലിലെ 23 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രത്തിലേക്ക് കർശന പരിശോധന നടത്തിയാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിർദ്ദേശപ്രകാരം, ലളിത വസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികളെത്തിയത്. പരീക്ഷ കേന്ദ്രത്തിനുള്ളിൽ കുട്ടികളുടെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളും(ക്ലോക്ക് റൂം) ഇത്തവണ അനുവദിച്ചില്ല. പുനഃപരീക്ഷയിലും ഹാൾടിക്കറ്റ് ഡൗൺലോഡാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരുക്ലാസിൽ 24 കുട്ടികളെ വീതമാണ് അനുവദിച്ചത്. രണ്ട് ഇൻവിജിലേറ്റർമാരെ വീതവും ക്ലാസുകളിൽ അനുവദിച്ചു. പരിശോധനക്കുശേഷമാണ് വിദ്യാർത്ഥികളെ ക്ലാസ്‌മുറികളിലേക്ക് പ്രവേശിപ്പിച്ചത്.
പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാവാതിരിക്കാൻ സി.സി.ടി.വി ക്യാമറ, സിഗ്നൽ ജാമർ, ബയോമെട്രിക് വെരിഫിക്കേഷൻ, ചോദ്യപേപ്പർ കൊണ്ടുപോകുന്നതിന് ജി.പി.എസ് സംവിധാനം എന്നിവയുണ്ടായിരുന്നു. ചോദ്യപേപ്പർ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചത്. കളക്ടർ വിട്ടുനൽകിയ വാഹനത്തിലാണ് അവ പരീക്ഷകേന്ദ്രങ്ങളിലെത്തിച്ചത്. സുരക്ഷയ്ക്കായി കേന്ദ്രഅർദ്ധസൈനികരെ വിന്യസിച്ചിരുന്നു. പൊലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ജല-റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും ദുരന്തനിവാരണ അതോറിട്ടിയുടെയും സേവനവും ലഭ്യമാക്കി. വീണ്ടും പഠിക്കേണ്ടിവന്നതിന്റെയും ഫിസ്ക്സ്, കെമിസ്ട്രി വിഷയങ്ങൾ കഠിനമായതിന്റെയും ആശങ്കകൾ വിദ്യാർത്ഥികൾ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |