SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

വീടുകളിൽ അപ്രതീക്ഷിത അതിഥിയായി സു​രേഷ്​ഗോപി

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ അഞ്ചുവീടുകളിൽ അപ്രതീക്ഷിത അതിഥിയായി നടനും കേന്ദ്രമന്ത്രിയുമായ സു​രേഷ്​ഗോപിയെത്തി. നരേന്ദ്രമോദി സർക്കാരിന്റെ 12ാമത്​ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവഭാരതസദസ്സ്​ പരിപാടിക്ക്​ മുന്നോടിയായിട്ടായിരുന്നു വീടുകളിലെ സന്ദർശനം. ആലപ്പുഴ നഗരഭസഭ മുൻ അദ്ധ്യക്ഷൻ അരവിന്ദാക്ഷൻ, എ.എൻ.പുരം പൗവത്തിൽ പി.വി. മാത്യു, മുല്ലയ്ക്കൽ തിരുമല ​ശ്രീനിവാസം സുരേഷ്​ പൈ, വലിയകളും ഇൻസാഫ്​, ​തിരുവമ്പാടി ഗോപൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലാണ് താരം​ എത്തിയത്​. ഇന്നലെ ഉച്ചക്ക്​ 2.30നാണ്​ പരിപാടി തുടങ്ങിയത്​. വീടുകളിലേക്ക്​ അപ്രതീക്ഷിതമായി കടന്നെത്തിയപ്പോൾ വീട്ടുകാരടക്കം ഞെട്ടി. സംഭാഷണത്തിനുശേഷം ഫോട്ടോയെടുത്തും സെൽഫിയെടുത്തുമായിരുന്നു മടക്കം. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുമാണ്​ വിവരിച്ചത്​. അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി.ബി.ജെ.പി നേതാക്കളും​ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.


കേരളത്തിൽ എയിംസ്​ ഉറപ്പാക്കും


കേരളത്തിൽ എയിംസ്​ കൃത്യമായ സമയത്ത്​ ഉറപ്പായും ലഭ്യമാക്കുമെന്ന്​ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച നവഭാരത സദസ്സ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ എയിംസ് വരുന്നതിന് പിണറായി സർക്കാർ അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്​. കേരളത്തിന് എയിംസ് കൃത്യസമയത്ത്, കൃത്യമായ സ്ഥലത്ത് ഉറപ്പായും ലഭ്യമാകും. ജനാഭിലാഷങ്ങൾക്ക് വിധേയമായി മുത്തലാക് നിരോധനനിയമം, 370 -ാം വകുപ്പ് റദ്ദാക്കൽ എന്നിവ നടപ്പിലാക്കിയതുപോലെ ഏകീകൃത സിവിൽകോഡ് നിയമം ഭാരതത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി നോർത്ത് ജില്ലാപ്രസിഡന്റ്​ അഡ്വ പി.കെ ബിനോയ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ടി.സജീവ് ലാൽ, ജില്ല വൈസ് പ്രസിഡന്റ്​ ടി.കെ.അരവിന്ദാക്ഷൻ, സെക്രട്ടറി ഡി.സുഭാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL