SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

വിതയ്ക്കൊരുങ്ങി കുട്ടനാട്,​ കുമ്മായത്തിന് കാത്തിരിപ്പ്

ആലപ്പുഴ: കാലവർഷം ദുർബലമായതോടെ വിതയ്ക്കൊരുങ്ങി കുട്ടനാട്. കനത്തമഴ കാരണമുള്ള കിഴക്കൻ വെള്ളത്തിന്റെ തള്ളിക്കയറ്റമോ, മട വീഴ്ചയ്ക്കുള്ള സാഹചര്യമോ ഇല്ലാത്തതും വിതയ്ക്ക് അനുകൂലമാണ്. വിത്ത് പരമാവധി മുളച്ചുവരാൻ ഇപ്പോഴത്തെ കാലാവസ്ഥ ഗുണകരമാണ്. മഴക്കാലത്ത് വിതയ്ക്കുമ്പോൾ ശക്തമായ മഴത്തുള്ളിയിൽ വിത്തുകൾ മണ്ണിനടിയിലേക്ക് പൂണ്ടുപോകുന്നതും വിത്തുകൾ ഒഴുകിപ്പോകുന്നതും കർഷകർക്ക് വൻ നഷ്ടത്തിന് ഇടയാക്കിയിരുന്നു. കാലവർഷം ദുർബലമായതിനാൽ ആറ്റുവെള്ളം കയറിയും ബണ്ടുപൊട്ടിയുമുള്ള നാശനഷ്ടങ്ങളെയും ഭയക്കേണ്ടതില്ല. അതേസമയം, കള നശിപ്പിക്കലിന് ശേഷം വിതയ്ക്ക് മുന്നോടിയായി പാടത്ത് വിതറേണ്ട കുമ്മായമില്ലാത്തത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. കുട്ടനാടൻ പാടങ്ങളിൽ മണ്ണിന്റെ പുളിരസം കുറയ്ക്കാനും ചെടികൾക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനും മണ്ണിലുള്ള മറ്റ് വളങ്ങൾ ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുത്തുള്ള പോഷക ലഭ്യതയ്ക്കും വേരുചീയൽ പോലുള്ള കുമിൾരോഗങ്ങളെ പ്രതിരോധിക്കാനുമാണ് കുമ്മായം ഉപയോഗിക്കുന്നത്.

പണം കണ്ടെത്താനാകാതെ കർഷകർ

കാത്സ്യം-മഗ്‌നീഷ്യം പോഷകങ്ങൾ ലഭ്യമാക്കാനും കുമ്മായം (കാൽസ്യം കാർബണേറ്റ് അല്ലെങ്കിൽ ഡോളമൈറ്റ്) അത്യാവശ്യമാണ്. ഹെക്ടറിന് 600 കിലോഗ്രാം (ഏക്കറിന് ഏകദേശം 240 കിലോ) എന്ന തോതിലാണ് പാടങ്ങളിൽ കുമ്മായം ഉപയോഗിക്കുന്നത്

 കൃഷിയിടത്തിൽ വെള്ളം വറ്റിച്ച ശേഷം അടിവളമായി നിലമുഴുമ്പോൾ ഇതിന്റെ പകുതിയും, ബാക്കി കുമ്മായം വിതച്ച് ഒരു മാസം കഴിഞ്ഞുമാണ് ചേർക്കേണ്ടത്. കൃഷി ഭവനുകൾ മുഖേനയാണ് പാടശേഖരസമിതികൾക്ക് കുമ്മായം നൽകേണ്ടത്

 ഇപ്പോൾ കുമ്മായം ലഭിച്ചാലേ അത് വിതറി പത്തുദിവസമെങ്കിലും കഴിയുമ്പോൾ വിത നടത്താനാകൂ. സർക്കാറിന്റെ കുമ്മായം എത്താത്തതിനാൽ ചില കൃഷി ഭവനുകൾ സഹകരണ സംഘങ്ങളിൽ നിന്ന് വാങ്ങുന്നതിനുള്ള ഇന്റന്റുകൾ നൽകുന്നുണ്ട്

35 മുതൽ 45 രൂപവരെയാണ് ഒരു കിലോഗ്രാം കുമ്മായത്തിന്റെ വില.ഇതിൽ 9 രൂപക്രമത്തിൽ സബ്സിഡി കഴിച്ച് ബാക്കിതുക കർഷകർ നൽകണം.പുഞ്ചനെല്ലിന്റെ വില ഇനിയും മുഴുവൻ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കുമ്മായത്തിനുള്ള പണം കണ്ടെത്താൻ വിഷമിക്കുകയാണ് കർഷകർ

കഴിഞ്ഞയാഴ്ചവരെ വിത്ത് കിട്ടാത്തതായിരുന്നു പ്രശ്നം. വിത്ത് വന്നിട്ടും കുമ്മായം വന്നിട്ടില്ല. പുഞ്ചകൃഷിയുടെ പണം കിട്ടാത്ത കർഷകർ വിതയുടെ ചെലവിനിടെ കുമ്മായത്തിനും പണം കണ്ടെത്തേണ്ട അവസ്ഥയാണ്

- ലാലിച്ചൻ പള്ളിവാതുക്കൽ, കർഷകൻ

കുമ്മായം ആവശ്യമുള്ള കർഷകർ കൃഷി ഭവനിലെത്തിയാൽ സഹകരണ സംഘങ്ങളിൽ നിന്ന് സബ്സിഡി നിരക്കിൽ വാങ്ങുന്നതിന് ഇൻഡന്റ് നൽകും

- ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL