SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

ആലപ്പുഴയിൽ ബോട്ട് യാ‌ർഡ് സ്ഥാപിക്കാൻ തുറമുഖ വകുപ്പ്

ആലപ്പുഴ: ബോട്ടുകളുൾപ്പെടെ ജലയാനങ്ങളുടെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ആലപ്പുഴയിൽ തുറമുഖ വകുപ്പിന്റെ ബോട്ട് യാ‌ർഡ് സ്ഥാപിക്കാൻ പദ്ധതിയുമായി തുറമുഖ വകുപ്പ് . 20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി നൽകി.

ഹൗസ് ബോട്ടുകളുടെ നഗരമായ ആലപ്പുഴയിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കും മതിയായ സംവിധാനങ്ങളോടു കൂടിയ യാർഡ് ഇല്ലാത്തത് സുരക്ഷയ്ക്ക് വെല്ലുവിളിയായ സാഹചര്യത്തിലാണ് അത്യാധുനിക സുരക്ഷാപരിശോധന ഉപകരണങ്ങളോടെയുള്ള ബോട്ട് യാർഡിന് തുറമുഖ വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

ബോട്ടുകളുടെ അറ്റകുറ്രപ്പണികൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കും നിലവിലുള്ള പരിമിതികൾക്ക് ഇതോടെ പരിഹാരമാകും. ഹൗസ് ബോട്ടുകളുൾപ്പെടെ ചെറുതുംവലുതുമായ രണ്ടായിരത്തിലധികം ബോട്ടുകളുള്ള ആലപ്പുഴയിൽ പുതിയ യാ‌ർഡ് വരുന്നതോടെ ബോട്ടുടമകളും വിനോദ സഞ്ചാരികളും നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കും പരിഹാരമാകും.

മൂന്നേക്കറിൽ മാലിന്യ സംസ്കരണ പ്ളാന്റുൾപ്പെടെ

 മൂന്നേക്കറോളം സ്ഥലം ഏറ്റെടുത്താകും ബോട്ട് യാർഡ് നിർമ്മാണം.ബോട്ടുകൾ നിർത്തിയിടാനും കരയിൽ കയറ്റി പരിശോധിക്കാനും സൗകര്യമുണ്ടാകും

 ചെറുതും വലുതുമായ അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകളും യാർഡിൽ ഉണ്ടാകുമെന്നത് ബോട്ടുടമകൾക്ക് സഹായകരമാകും

 ഹൗസ് ബോട്ടുകളിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ സംസ്കരിക്കാനുള്ള സംവിധാനമുണ്ടാകുമെന്നതാണ് യാർഡിന്റെ പ്രധാന പ്രത്യേകത

 മലിനീകരണ നിയന്ത്രണം ബോ‌ർഡിന്റെ നിബന്ധനകൾക്ക് വിധേയമായുള്ള പ്ളാന്റ് സ്ഥാപിക്കപ്പെടുന്നതോടെ കായൽ മാലിന്യപ്രശ്നത്തിന് പരിഹാരമാകും

 നിയമ ലംഘനങ്ങൾക്ക് പിടികൂടുന്ന ബോട്ടുകൾ ഇപ്പോൾ വാടകസ്ഥലത്താണ് സൂക്ഷിക്കുന്നത്. യാർഡ് വരുന്നതോടെ ഇതിനും പരിഹാരമാകും.

ചിലവ്

₹20 കോടി

ഒരുക്കുന്ന സൗകര്യങ്ങൾ

 യാത്രക്കാർക്ക് വിശ്രമ കേന്ദ്രം

 കഫറ്റേരിയ

 ടോയ്ലറ്റ് സംവിധാനം

 കുടിവെള്ളം

 സി.സി ടിവി നിരീക്ഷണം

ജീവനക്കാർക്ക് വിശ്രമമുറി

 ഡീസൽ ബങ്ക്

ബോട്ട് യാർഡിനായി തുറമുഖ വകുപ്പ് സമർപ്പിച്ച പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചാൽ ആലപ്പുഴയിലെ ബോട്ടുടമകൾക്ക് വളരെ സഹായകരമാകും.മാലിന്യ സംസ്കരണ പ്ളാന്റ് വരുന്നതോടെ കായൽ മലിനീകരണത്തിനും പരിഹാരമാകും

- റോബർട്ട്, ഹൗസ് ബോട്ടുടമ

20 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. സർക്കാർ അംഗീകാരം ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളും

- പോർട്ട് ഓഫീസ്, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL