കൊച്ചി: ടർഫിൽ കളിക്കാൻ എത്തിയ യുവാക്കൾക്ക് നേരെ കോഴിമാലിന്യം വലിച്ചെറിഞ്ഞശേഷം സമീപവാസികൾ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ചളിക്കവട്ടം സ്വദേശികളായ ഗോഡ്‌വിൻ (21), ജോയൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി 9.30ന് ചളിക്കവട്ടം പുല്ലുപറമ്പ് പ്ലേ ഒൺ ടർഫിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി വാടകയ്ക്ക് നടത്തുന്ന ടർഫിൽ രാത്രി യുവാക്കൾ കളിക്കാൻ വരുന്നതിൽ സമീപവാസികളായ ചിലർക്ക് എതിർപ്പുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ചിലരാണ് ഗോഡ്‌വിനും സുഹൃത്തും ടർഫിൽ എത്തിയപ്പോൾ ദേഹത്ത് കോഴിമാലിന്യം എറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ മൂന്നു പേർ കമ്പിവടിയുമായി എത്തി. രക്ഷപ്പെടാൻ ടർഫ് വളപ്പിലെ മുറിയിൽ കയറി വാതിലടച്ച ഗോഡ്‌വിനെ വാതിൽ തല്ലിതകർത്താണ് അടിച്ചത്. കൈമുട്ടിനും കാലിനും പരിക്കുണ്ട്.
രാജേഷ്, മമ്മാലി, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് ആക്രമിച്ചത്. അതേസമയം യുവാക്കൾ പാറക്കല്ല് ഉപയോഗിച്ച് മൂക്ക് ഇടിച്ച് തകർത്തതായി രാജേഷ് പൊലീസിൽ പരാതി നൽകി. ഇരുകൂട്ടരുടെയും പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |