
കൊച്ചി: ഇൻഫോപാർക്ക് നാലാംഘട്ട വികസനത്തിനായി പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിൽ നിന്ന് വാങ്ങിയ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമിയിലെ ഐ.ടി ടൗൺഷിപ്പിന്റെ വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ജൂലായിൽ പൂർത്തിയാകും. സ്ഥലമൊരുക്കലും സർവേ നടപടികളും ആരംഭിച്ചു. സീപോർട്ട് - എയർപോർട്ട് റോഡിന് അഭിമുഖമായ പ്രദേശത്ത് നിക്ഷേപത്തിന് പ്രമുഖ ഐ.ടി കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു.
സാമ്പത്തികപ്രതിസന്ധി മൂലം അടച്ചുപൂട്ടിയ, വ്യവസായവകുപ്പിന് കീഴിലെ ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് ഇൻഫോപാർക്കിന് കൈമാറിയത്. 200 കോടി രൂപയ്ക്ക് ജി.എസ്.ടി ഇളവോടെയായിരുന്നു ഇത്. ഇൻഫോപാർക്ക് വികസനത്തിന് സ്ഥലം ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രാക്കോയുടെ സ്ഥലം നൽകിയത്.
സർവേനടപടികൾ പുരോഗമിക്കുന്നു
ഇൻഫോപാർക്കിന് സമീപവും കാക്കനാട് ചിറ്റേത്തുകര പാലത്തിനടുത്തും തൃപ്പൂണിത്തുറ നഗരസഭയിലാണ് ട്രാക്കോ കേബിൾ സ്ഥലം. നിരപ്പായ പ്രദേശമാണ്. ട്രാക്കോകെട്ടിടങ്ങൾ നിലവിലുണ്ട്. സ്ഥലം വികസിപ്പിച്ച് റോഡ് ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി പ്ളോട്ടുകളാക്കി ഐ.ടി കമ്പനികൾക്ക് പാട്ടത്തിന് നൽകും. കമ്പനികൾ സ്വന്തമായി കെട്ടിടവും ക്യാമ്പസുകളും വികസിപ്പിക്കും. വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള സ്ഥലം സർവേജോലികൾ ഈമാസം പൂർത്തിയാകും. മാസ്റ്റർപ്ളാൻ ജൂലായ് അവസാനത്തോടെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ കമ്പനികളെ ക്ഷണിച്ച് ചർച്ച നടത്തി മികച്ച വാഗ്‌ദാനം നൽകുന്നവർക്ക് സ്ഥലം കൈമാറുമെന്ന് ഇൻഫോപാർക്ക് അധികൃതർ പറഞ്ഞു.
കമ്പനികൾ റെഡി
ഇൻഫോപാർക്കിൽ സ്ഥലമോ പൊതുകെട്ടിടത്തിൽ സൗകര്യമോ തേടി നിരവധി കമ്പനികൾ രംഗത്തുണ്ട്. ഇൻഫോപാർക്കിൽ സ്ഥാപനം ആരംഭിക്കാൻ വൻകിട കമ്പനികൾക്കുൾപ്പെടെ താത്പര്യമുണ്ട്. പ്രത്യേക സാമ്പത്തികമേഖലയുടെ (സെസ്)സാമീപ്യം, വാട്ടർമെട്രോയും റോഡും വഴിയുള്ള ഗതാഗതസൗകര്യം തുടങ്ങിയ സവിശേഷതകളും ഇരുമ്പനത്തെ ട്രാക്കോയുടെ സ്ഥലത്തിനുണ്ട്. ബഹുനില ഐ.ടി മന്ദിരങ്ങൾക്ക് അനുയോജ്യവുമാണ്. വലിയ തൊഴിലവസരവും ലഭ്യമാകും.
രണ്ടാംഘട്ടത്തിലും വികസനം
കെ റെയിൽ പദ്ധതി റദ്ദാക്കിയതോടെ തിരിച്ചുകിട്ടിയ 45 ഏക്കർ ഭൂമിയുടെ വികസനത്തിനും ഇൻഫോപാർക്ക് നടപടി ആരംഭിച്ചു. കെ റെയിലിനായി മരവിപ്പിച്ചിരുന്ന 22 ഏക്കറിൽ മൂന്ന് സ്വകാര്യകമ്പനികൾ കെട്ടിടങ്ങൾ നിർമ്മിക്കും. ശേഷിക്കുന്ന 23.02 ഏക്കറിൽ റോഡുൾപ്പെടെ പൊതുസൗകര്യങ്ങൾ ഒരുക്കിയശേഷം 20 ഏക്കറോളം ലഭിക്കും. ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലെ ഈ സ്ഥലം ഐ.ടി കമ്പനികൾക്ക് കൈമാറും.
ട്രാക്കോയിൽ നിന്ന് ലഭിച്ച സ്ഥലത്തിന് താത്പര്യം പ്രകടിപ്പിച്ച് ധാരാളം ഐ.ടി കമ്പനികളുടെ അന്വേഷണം വരുന്നുണ്ട്.
സുശാന്ത് കുറുന്തിൽ
സി.ഇ.ഒ, ഇൻഫോപാർക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |