
കൊച്ചി: ബേക്കറിയിൽ മധുരപലഹാരങ്ങൾക്കൊപ്പം വിദേശമദ്യം വിളമ്പുന്ന ബേക്കറിക്കട ഉടമയെ കയ്യോടെ പിടികൂടി പൊലീസ്. തൃക്കാക്കര വടകോട് കങ്ങരപ്പള്ളി പുതിയറോഡ് കൈപ്പള്ളിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഫൈസലിനെയാണ് (45) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് എസ്.ഐ ബിബിൻ ജോൺ ബാബുജിയുടെ നേതൃത്വത്തിൽ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ 5 കുപ്പി ഹണീ ബി മദ്യവും 3 കുപ്പി മക്ഡവൽസ് മദ്യവും ഉൾപ്പെടെ 4 ലിറ്റർ വിദേശമദ്യവും പുകയില ഉത്പന്നമായ ഹാൻസിന്റെ എട്ട് വലിയ പായ്ക്കറ്റുകളും പിടിച്ചെടുത്തു. വിദേശമദ്യവും ഹാൻസും തുണിസഞ്ചികളിലാണ് ഒളിപ്പിച്ചിരുന്നത്. അബ്കാരി, കോപ്റ്റ ആക്റ്റുകൾ പ്രകാരമാണ് ഫൈസലിനെതിരെ കേസ്. 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ വിമോദ്, എസ്.ഐ സതീഷ് കുമാർ, സി.പിഒ മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
ബ്രോക്കറിംഗിൽ നിന്ന് ബേക്കറിയിലേക്ക്
നേരത്തേ എളമക്കരയിൽ താമസിച്ചിരുന്ന ഫൈസൽ ആറുമാസം മുമ്പാണ് മുണ്ടംപാലം പുതിയറോഡ് ജംഗ്ഷന് സമീപം പേരിടാത്ത ബേക്കറി തുറന്നത്. മുമ്പ് ബ്രോക്കറിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഫൈസൽ കൂടുതൽ ലാഭം നേടുന്നതിനാണ് ബേക്കറിയുടെ മറവിൽ ലഹരിവില്പനയിലേക്ക് തിരിഞ്ഞത്. ചായകുടിക്കാനും മധുരപലഹാരങ്ങൾ കഴിക്കാനും കൂടുതലും എത്തിയത് അന്യസംസ്ഥാന തൊഴിലാളികളാണ്. ചായകുടിയുടെ മറവിലായിരുന്നു വിദേശമദ്യവില്പന. കുപ്പിക്ക് 150 രൂപയാണ് അധികമായി ഈടാക്കിയിരുന്നത്.
നിരോധിത പുകയില ഉത്പ്പന്നങ്ങളും ലഭ്യമായിരുന്നു. കുടിക്കാനും വലിക്കാനും ലഹരി കിട്ടുമെന്നതായതോടെ ബേക്കറിയിൽ അന്യസംസ്ഥാനക്കാരുടെ തിരക്കേറി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃക്കാക്കര പൊലീസ് നടത്തിയ രഹസ്യനിരീക്ഷണത്തിലാണ് ഫൈസൽ കുടുങ്ങിയത്. സ്ഥിരമായി ലഹരി വസ്തുക്കൾ വിൽക്കുന്ന ആളാണോ എന്നും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക് നിരോധിത ലഹരിവസ്തുക്കൾ കടത്തുന്ന അന്തർസംസ്ഥാന സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |