
കോലഞ്ചേരി: കുന്നത്തുനാട് മുൻ എം.എൽ.എ പി.വി. ശ്രീനിജിന്റെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ‘സ്ലേറ്റ്’ പദ്ധതിയിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ വിജിലൻസ് സംഘം ക്വിക് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുളള റിപ്പോർട്ട് വിജിലൻസ് മേധാവിക്ക് സമർപ്പിച്ചു.
പദ്ധതി നടപ്പാക്കിയ രീതി, ചെലവഴിച്ച തുകയുടെ വിനിയോഗം, സ്കൂളുകളിലും വിദ്യാർത്ഥികളിലും പദ്ധതി സൃഷ്ടിച്ച സ്വാധീനം എന്നിവ വിശദമായി പരിശോധിക്കുമെന്നാണ് സൂചന. ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
കണക്കുകൾ ലഭ്യമാക്കിയില്ല
പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ, വിദ്യാർത്ഥികൾക്ക് നൽകിയ പരിശീലനങ്ങളുടെ വിശദാംശങ്ങൾ, പങ്കെടുത്ത ഫാക്കൽറ്റികളുടെ വിവരങ്ങൾ, ചെലവഴിച്ച തുകയുടെ കണക്കുകൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി പദ്ധതിക്കുണ്ടായിരുന്നില്ല.
ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ തന്നെ ഗുരുതര പാളിച്ചകൾ സംഭവിച്ചിട്ടും രണ്ടാംഘട്ടത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചത് സംശയാസ്പദമാണ്
ഇതിന് പിന്നിൽ വലിയ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും ഉണ്ടായിട്ടുണ്ട്
സ്ലേറ്റ് പദ്ധതി
കുന്നത്തുനാട് മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 11,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് 2023 ജൂലായ് 22ന് ആരംഭിച്ചു. സെന്റ് തെരേസാസ് കോളേജിന്റെ നേതൃത്വത്തിൽ നടപ്പാക്കി. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 1.90 കോടി രൂപ ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |